ഉള്ളടക്കത്തിലേക്ക് പോകുക
ബീറ്റ

നൂൽ ഇതുവരെ മലയാളം ഭാഷയിലേക്ക് പൂർണ്ണമായി പരിഭാഷപ്പെടുത്തിയിട്ടില്ല. ഇനിയും പരിഭാഷപ്പെടുത്താത്തവ ഇംഗ്ലീഷിൽ കാണിക്കുന്നു.

സങ്കീർത്തനങ്ങൾ 9

ഈ അധ്യായം ഇതിൽ ഉൾപ്പെടുന്നു: Boek I

1ഞാൻ പൂൎണ്ണഹൃദയത്തോടെ യഹോവയെ സ്തുതിക്കും; നിന്റെ അത്ഭുതങ്ങളെ ഒക്കെയും ഞാൻ വൎണ്ണിക്കും. 2ഞാൻ നിന്നിൽ സന്തോഷിച്ചുല്ലസിക്കും; അത്യുന്നതനായുള്ളോവേ, ഞാൻ നിന്റെ നാമത്തെ കീൎത്തിക്കും. 3എന്റെ ശത്രുക്കൾ പിൻവാങ്ങുകയിൽ ഇടറിവീണു, നിന്റെ സന്നിധിയിൽ നശിച്ചു പോകും. 4നീ എന്റെ കാൎയ്യവും വ്യവഹാരവും നടത്തിയിരിക്കുന്നു; നീ നീതിയോടെ വിധിച്ചുകൊണ്ടു സിംഹാസനത്തിൽ ഇരിക്കുന്നു; 5നീ ജാതികളെ ശാസിച്ചു ദുഷ്ടനെ നശിപ്പിച്ചു; അവരുടെ നാമത്തെ നീ സദാകാലത്തേക്കും മായിച്ചുകളഞ്ഞു. 6ശത്രുക്കൾ മുടിഞ്ഞു സദാകാലത്തേക്കും നശിച്ചിരിക്കുന്നു; അവരുടെ പട്ടണങ്ങളെയും നീ മറിച്ചുകളഞ്ഞിരിക്കുന്നു; അവയുടെ ഓൎമ്മകൂടെ ഇല്ലാതെയായിരിക്കുന്നു. 7എന്നാൽ യഹോവ എന്നേക്കും വാഴുന്നു; ന്യായവിധിക്കു അവൻ സിംഹാസനം ഒരുക്കിയിരിക്കുന്നു. 8അവൻ ലോകത്തെ നീതിയോടെ വിധിക്കും; ജാതികൾക്കു നേരോടെ ന്യായപാലനം ചെയ്യും. 9യഹോവ പീഡിതന്നു ഒരു അഭയസ്ഥാനം; കഷ്ടകാലത്തു ഒരഭയസ്ഥാനം തന്നേ. 10നിന്റെ നാമത്തെ അറിയുന്നവർ നിങ്കൽ ആശ്രയിക്കും; യഹോവേ, നിന്നെ അന്വേഷിക്കുന്നവരെ നീ ഉപേക്ഷിക്കുന്നില്ലല്ലോ. 11സീയോനിൽ വസിക്കുന്ന യഹോവെക്കു സ്തോത്രം പാടുവിൻ; അവന്റെ പ്രവൃത്തികളെ ജാതികളുടെ ഇടയിൽ ഘോഷിപ്പിൻ. 12രക്തപാതകത്തിന്നു പ്രതികാരം ചെയ്യുന്നവൻ അവരെ ഓൎക്കുന്നു; എളിയവരുടെ നിലവിളിയെ അവൻ മറക്കുന്നതുമില്ല. 13യഹോവേ, എന്നോടു കരുണയുണ്ടാകേണമേ; മരണവാതിലുകളിൽനിന്നു എന്നെ ഉദ്ധരിക്കുന്നവനേ, എന്നെ പകെക്കുന്നവരാൽ എനിക്കു നേരിടുന്ന കഷ്ടം നോക്കേണമേ. 14ഞാൻ സീയോൻപുത്രിയുടെ പടിവാതിലുകളിൽ നിന്റെ സ്തുതിയെ ഒക്കെയും പ്രസ്താവിച്ചു നിന്റെ രക്ഷയിൽ സന്തോഷിക്കേണ്ടതിന്നു തന്നേ. 15ജാതികൾ തങ്ങൾ ഉണ്ടാക്കിയ കുഴിയിൽ താണുപോയി; അവർ ഒളിച്ചുവെച്ച വലയിൽ അവരുടെ കാൽ തന്നേ അകപ്പെട്ടിരിക്കുന്നു. 16യഹോവ തന്നേത്താൻ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു; ദുഷ്ടൻ സ്വന്തകൈകളുടെ പ്രവൃത്തിയിൽ കുടുങ്ങിയിരിക്കുന്നു. തന്ത്രിനാദം.സേലാ. 17ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകലജാതികളും പാതാളത്തിലേക്കു തിരിയും. 18ദരിദ്രനെ എന്നേക്കും മറന്നു പോകയില്ല; സാധുക്കളുടെ പ്രത്യാശെക്കു എന്നും ഭംഗം വരികയുമില്ല. 19യഹോവേ, എഴുന്നേല്ക്കേണമേ, മൎത്യൻ പ്രബലനാകരുതേ; ജാതികൾ നിന്റെ സന്നിധിയിൽ വിധിക്കപ്പെടുമാറാകട്ടെ. 20യഹോവേ, തങ്ങൾ മൎത്യരത്രേ എന്നു ജാതികൾ അറിയേണ്ടതിന്നു അവൎക്കു ഭയം വരുത്തേണമേ.സേലാ.

വാക്യനമ്പറുകൾ തിരഞ്ഞെടുത്ത പരിഭാഷയെ പിന്തുടരുന്നു; ചില അധ്യായങ്ങളിൽ ഒരു വാക്യത്തിന്റെ വ്യത്യാസം ഉണ്ടാകാം.

വായനാസൗകര്യം

നിങ്ങളെ സഹായിക്കുന്നത് തിരഞ്ഞെടുക്കുക. നിങ്ങളുടെ തിരഞ്ഞെടുപ്പ് ഈ ഉപകരണത്തിൽ സൂക്ഷിക്കപ്പെടും.

അക്ഷരവലുപ്പം

നിങ്ങളുടെ ഉപകരണത്തിന്റെ സ്വന്തം ക്രമീകരണങ്ങളാണോ ഇഷ്ടം (സൂം, സ്ക്രീൻ റീഡർ, ഡാർക്ക് മോഡ്)? അവയും ഇവിടെ പ്രവർത്തിക്കും.