ഉള്ളടക്കത്തിലേക്ക് പോകുക
ബീറ്റ

നൂൽ ഇതുവരെ മലയാളം ഭാഷയിലേക്ക് പൂർണ്ണമായി പരിഭാഷപ്പെടുത്തിയിട്ടില്ല. ഇനിയും പരിഭാഷപ്പെടുത്താത്തവ ഇംഗ്ലീഷിൽ കാണിക്കുന്നു.

സങ്കീർത്തനങ്ങൾ 102

ഈ അധ്യായം ഇതിൽ ഉൾപ്പെടുന്നു: Boek IV

1യഹോവേ, എന്റെ പ്രാൎത്ഥന കേൾക്കേണമേ; എന്റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ. 2കഷ്ടദിവസത്തിൽ നിന്റെ മുഖം എനിക്കു മറെക്കരുതേ; നിന്റെ ചെവി എങ്കലേക്കു ചായിക്കേണമേ; ഞാൻ വിളിക്കുന്ന നാളിൽ വേഗത്തിൽ എനിക്കു ഉത്തരമരുളേണമേ. 3എന്റെ നാളുകൾ പുകപോലെ കഴിഞ്ഞുപോകുന്നു; എന്റെ അസ്ഥികൾ തീക്കൊള്ളിപോലെ വെന്തിരിക്കുന്നു. 4എന്റെ ഹൃദയം അരിഞ്ഞ പുല്ലുപോലെ ഉണങ്ങിയിരിക്കുന്നു; ഞാൻ ഭക്ഷണംകഴിപ്പാൻ മറന്നുപോകുന്നു. 5എന്റെ ഞരക്കത്തിന്റെ ഒച്ചനിമിത്തം എന്റെ അസ്ഥികൾ മാംസത്തോടു പറ്റുന്നു. 6ഞാൻ മരുഭൂമിയിലെ വേഴാമ്പൽപോലെ ആകുന്നു; ശൂന്യസ്ഥലത്തെ മൂങ്ങാപോലെ തന്നേ. 7ഞാൻ ഉറക്കിളെച്ചിരിക്കുന്നു; വീട്ടിന്മുകളിൽ തനിച്ചിരിക്കുന്ന കുരികിൽ പോലെ ആകുന്നു. 8എന്റെ ശത്രുക്കൾ ഇടവിടാതെ എന്നെ നിന്ദിക്കുന്നു; എന്നോടു ചീറുന്നവർ എന്റെ പേർ ചൊല്ലി ശപിക്കുന്നു. 9ഞാൻ അപ്പംപോലെ ചാരം തിന്നുന്നു; എന്റെ പാനീയത്തിൽ കണ്ണുനീർ കലക്കുന്നു; 10നിന്റെ കോപവും ക്രോധവും ഹേതുവായിട്ടു തന്നേ; നീ എന്നെ എടുത്തു എറിഞ്ഞുകളഞ്ഞുവല്ലോ. 11എന്റെ ആയുസ്സു ചാഞ്ഞുപോകുന്ന നിഴൽ പോലെയാകുന്നു; ഞാൻ പുല്ലുപോലെ ഉണങ്ങിപ്പോകുന്നു. 12നീയോ, യഹോവേ, എന്നേക്കുമുള്ളവൻ; നിന്റെ നാമം തലമുറതലമുറയായി നിലനില്ക്കുന്നു. 13നീ എഴുന്നേറ്റു സീയോനോടു കരുണ കാണിക്കും; അവളോടു കൃപ കാണിപ്പാനുള്ള കാലം, അതേ, അതിന്നു സമയം വന്നിരിക്കുന്നു. 14നിന്റെ ദാസന്മാൎക്കു അവളുടെ കല്ലുകളോടു താല്പൎയ്യവും അവളുടെ പൂഴിയോടു അലിവും തോന്നുന്നു. 15യഹോവ സീയോനെ പണികയും തന്റെ മഹത്വത്തിൽ പ്രത്യക്ഷനാകയും 16അവൻ അഗതികളുടെ പ്രാൎത്ഥന കടാക്ഷിക്കയും അവരുടെ പ്രാൎത്ഥന നിരസിക്കാതെയിരിക്കയും ചെയ്തതുകൊണ്ടു 17ജാതികൾ യഹോവയുടെ നാമത്തെയും ഭൂമിയിലെ സകലരാജാക്കന്മാരും നിന്റെ മഹത്വത്തെയും ഭയപ്പെടും. 18വരുവാനിരിക്കുന്ന തലമുറെക്കു വേണ്ടി ഇതു എഴുതിവെക്കും; സൃഷ്ടിക്കപ്പെടുവാനുള്ള ജനം യഹോവയെ സ്തുതിക്കും. 19യഹോവയെ സേവിപ്പാൻ ജാതികളും രാജ്യങ്ങളും കൂടി വന്നപ്പോൾ 20സീയോനിൽ യഹോവയുടെ നാമത്തെയും യെരൂശലേമിൽ അവന്റെ സ്തുതിയെയും പ്രസ്താവിക്കേണ്ടതിന്നു 21ബദ്ധന്മാരുടെ ഞരക്കം കേൾപ്പാനും മരണത്തിന്നു നിയമിക്കപ്പെട്ടവരെ വിടുവിപ്പാനും 22യഹോവ തന്റെ വിശുദ്ധമായ ഉയരത്തിൽനിന്നു നോക്കി സ്വൎഗ്ഗത്തിൽനിന്നു ഭൂമിയെ തൃക്കൺപാൎത്തുവല്ലോ. 23അവൻ വഴിയിൽവെച്ചു എന്റെ ബലം ക്ഷയിപ്പിച്ചു; അവൻ എന്റെ നാളുകളെ ചുരുക്കിയിരിക്കുന്നു. 24എന്റെ ദൈവമേ, ആയുസ്സിന്റെ മദ്ധ്യത്തിൽ എന്നെ എടുത്തുകളയരുതേ എന്നു ഞാൻ പറഞ്ഞു; നിന്റെ സംവത്സരങ്ങൾ തലമുറതലമുറയായി ഇരിക്കുന്നു. 25പൂൎവ്വകാലത്തു നീ ഭൂമിക്കു അടിസ്ഥാനമായിട്ടു; ആകാശം നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു. 26അവ നശിക്കും നീയോ നിലനില്ക്കും; അവയെല്ലാം വസ്ത്രംപോലെ പഴകിപ്പോകും; ഉടുപ്പുപോലെ നീ അവയെ മാറ്റും; അവ മാറിപ്പോകയും ചെയ്യും. 27നീയോ അനന്യനാകുന്നു; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല. 28നിന്റെ ദാസന്മാരുടെ മക്കൾ നിൎഭയം വസിക്കും; അവരുടെ സന്തതി നിന്റെ സന്നിധിയിൽ നിലനില്ക്കും.

വാക്യനമ്പറുകൾ തിരഞ്ഞെടുത്ത പരിഭാഷയെ പിന്തുടരുന്നു; ചില അധ്യായങ്ങളിൽ ഒരു വാക്യത്തിന്റെ വ്യത്യാസം ഉണ്ടാകാം.

വായനാസൗകര്യം

നിങ്ങളെ സഹായിക്കുന്നത് തിരഞ്ഞെടുക്കുക. നിങ്ങളുടെ തിരഞ്ഞെടുപ്പ് ഈ ഉപകരണത്തിൽ സൂക്ഷിക്കപ്പെടും.

അക്ഷരവലുപ്പം

നിങ്ങളുടെ ഉപകരണത്തിന്റെ സ്വന്തം ക്രമീകരണങ്ങളാണോ ഇഷ്ടം (സൂം, സ്ക്രീൻ റീഡർ, ഡാർക്ക് മോഡ്)? അവയും ഇവിടെ പ്രവർത്തിക്കും.