ഉള്ളടക്കത്തിലേക്ക് പോകുക
ബീറ്റ

നൂൽ ഇതുവരെ മലയാളം ഭാഷയിലേക്ക് പൂർണ്ണമായി പരിഭാഷപ്പെടുത്തിയിട്ടില്ല. ഇനിയും പരിഭാഷപ്പെടുത്താത്തവ ഇംഗ്ലീഷിൽ കാണിക്കുന്നു.

സങ്കീർത്തനങ്ങൾ 7

ഈ അധ്യായം ഇതിൽ ഉൾപ്പെടുന്നു: Boek I

1എന്റെ ദൈവമായ യഹോവേ, നിന്നെ ഞാൻ ശരണം പ്രാപിക്കുന്നു; എന്നെ വേട്ടയാടുന്ന എല്ലാവരുടെയും കയ്യിൽ നിന്നു എന്നെ രക്ഷിച്ചു വിടുവിക്കേണമേ. 2അവൻ സിംഹം എന്നപോലെ എന്നെ കീറിക്കളയരുതേ; വിടുവിപ്പാൻ ആരുമില്ലാതിരിക്കുമ്പോൾ എന്നെ ചീന്തിക്കളയരുതേ. 3എന്റെ ദൈവമായ യഹോവേ, ഞാൻ ഇതു ചെയ്തിട്ടുണ്ടെങ്കിൽ, എന്റെ പക്കൽ നീതികേടുണ്ടെങ്കിൽ, 4എനിക്കു ബന്ധുവായിരുന്നവനോടു ഞാൻ ദോഷം ചെയ്തിട്ടുണ്ടെങ്കിൽ, - ഹേതുകൂടാതെ എനിക്കു വൈരിയായിരുന്നവനെ ഞാൻ വിടുവിച്ചുവല്ലോ - 5ശത്രു എന്റെ പ്രാണനെ പിന്തുടൎന്നു പിടിക്കട്ടെ; അവൻ എന്റെ ജീവനെ നിലത്തിട്ടു ചവിട്ടട്ടെ; എന്റെ മാനത്തെ പൂഴിയിൽ തള്ളിയിടട്ടെ.സേലാ. 6യഹോവേ, കോപത്തോടെ എഴുന്നേല്ക്കേണമേ; എന്റെ വൈരികളുടെ ക്രോധത്തോടു എതിൎത്തുനില്ക്കേണമേ; എനിക്കു വേണ്ടി ഉണരേണമേ; നീ ന്യായവിധി കല്പിച്ചുവല്ലോ. 7ജാതികളുടെ സംഘം നിന്നെ ചുറ്റിനില്ക്കട്ടെ; നീ അവൎക്കു മീതെകൂടി ഉയരത്തിലേക്കു മടങ്ങേണമേ. 8യഹോവ ജാതികളെ ന്യായംവിധിക്കുന്നു; യഹോവേ, എന്റെ നീതിക്കും പരമാൎത്ഥതെക്കും തക്കവണ്ണം എന്നെ വിധിക്കേണമേ; 9ദുഷ്ടന്റെ ദുഷ്ടത തീൎന്നുപോകട്ടെ; നീതിമാനെ നീ ഉറപ്പിക്കേണമേ. നീതിമാനായ ദൈവം ഹൃദയങ്ങളെയും അന്തരിന്ദ്രിയങ്ങളെയും ശോധനചെയ്യുന്നുവല്ലോ. 10എന്റെ പരിച ദൈവത്തിന്റെ പക്കൽ ഉണ്ടു; അവൻ ഹൃദയപരമാൎത്ഥികളെ രക്ഷിക്കുന്നു. 11ദൈവം നീതിയുള്ള ന്യായാധിപതിയാകുന്നു; ദൈവം ദിവസംപ്രതി കോപിക്കുന്നു. 12മനം തിരിയുന്നില്ലെങ്കിൽ അവൻ തന്റെ വാളിന്നു മൂൎച്ചകൂട്ടും; അവൻ തന്റെ വില്ലു കുലെച്ചു ഒരുക്കിയിരിക്കുന്നു. 13അവൻ മരണാസ്ത്രങ്ങളെ അവന്റെ നേരെ തൊടുത്തു, തന്റെ ശരങ്ങളെ തീയമ്പുകളാക്കി തീൎത്തിരിക്കുന്നു. 14ഇതാ, അവന്നു നീതികേടിനെ നോവു കിട്ടുന്നു; അവൻ കഷ്ടത്തെ ഗൎഭം ധരിച്ചു വഞ്ചനയെ പ്രസവിക്കുന്നു. 15അവൻ ഒരു കുഴി കുഴിച്ചുണ്ടാക്കി, കുഴിച്ച കുഴിയിൽ താൻ തന്നേ വീണു. 16അവന്റെ വേണ്ടാതനം അവന്റെ തലയിലേക്കു തിരിയും; അവന്റെ ബലാല്ക്കാരം അവന്റെ നെറുകയിൽ തന്നേ വീഴും. 17ഞാൻ യഹോവയെ അവന്റെ നീതിക്കു തക്കവണ്ണം സ്തുതിക്കും; അത്യുന്നതനായ യഹോവയുടെ നാമത്തിന്നു സ്തോത്രം പാടും.

വാക്യനമ്പറുകൾ തിരഞ്ഞെടുത്ത പരിഭാഷയെ പിന്തുടരുന്നു; ചില അധ്യായങ്ങളിൽ ഒരു വാക്യത്തിന്റെ വ്യത്യാസം ഉണ്ടാകാം.

വായനാസൗകര്യം

നിങ്ങളെ സഹായിക്കുന്നത് തിരഞ്ഞെടുക്കുക. നിങ്ങളുടെ തിരഞ്ഞെടുപ്പ് ഈ ഉപകരണത്തിൽ സൂക്ഷിക്കപ്പെടും.

അക്ഷരവലുപ്പം

നിങ്ങളുടെ ഉപകരണത്തിന്റെ സ്വന്തം ക്രമീകരണങ്ങളാണോ ഇഷ്ടം (സൂം, സ്ക്രീൻ റീഡർ, ഡാർക്ക് മോഡ്)? അവയും ഇവിടെ പ്രവർത്തിക്കും.