ഉള്ളടക്കത്തിലേക്ക് പോകുക
ബീറ്റ

നൂൽ ഇതുവരെ മലയാളം ഭാഷയിലേക്ക് പൂർണ്ണമായി പരിഭാഷപ്പെടുത്തിയിട്ടില്ല. ഇനിയും പരിഭാഷപ്പെടുത്താത്തവ ഇംഗ്ലീഷിൽ കാണിക്കുന്നു.

സങ്കീർത്തനങ്ങൾ 139

ഈ അധ്യായം ഇതിൽ ഉൾപ്പെടുന്നു: Boek V

1യഹോവേ, നീ എന്നെ ശോധന ചെയ്തു അറിഞ്ഞിരിക്കുന്നു; 2ഞാൻ ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും നീ അറിയുന്നു. എന്റെ നിരൂപണം നീ ദൂരത്തുനിന്നു ഗ്രഹിക്കുന്നു. 3എന്റെ നടപ്പും കിടപ്പും നീ ശോധന ചെയ്യുന്നു; എന്റെ വഴികളൊക്കെയും നിനക്കു മനസ്സിലായിരിക്കുന്നു. 4യഹോവേ, നീ മുഴുവനും അറിയാതെ ഒരു വാക്കും എന്റെ നാവിന്മേൽ ഇല്ല. 5നീ മുമ്പും പിമ്പും എന്നെ അടെച്ചു നിന്റെ കൈ എന്റെമേൽ വെച്ചിരിക്കുന്നു. 6ഈ പരിജ്ഞാനം എനിക്കു അത്യത്ഭുതമാകുന്നു; അതു എനിക്കു ഗ്രഹിച്ചുകൂടാതവണ്ണം ഉന്നതമായിരിക്കുന്നു. 7നിന്റെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകും? തിരുസന്നിധി വിട്ടു ഞാൻ എവിടേക്കു ഓടും? 8ഞാൻ സ്വൎഗ്ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ടു; പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ടു. 9ഞാൻ ഉഷസ്സിൻ ചിറകു ധരിച്ചു, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാൎത്താൽ 10അവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലങ്കൈ എന്നെ പിടിക്കും. 11ഇരുട്ടു എന്നെ മൂടിക്കളയട്ടെ; വെളിച്ചം എന്റെ ചുറ്റും രാത്രിയായ്തീരട്ടെ എന്നു ഞാൻ പറഞ്ഞാൽ 12ഇരുട്ടുപോലും നിനക്കു മറവായിരിക്കയില്ല; രാത്രി പകൽപോലെ പ്രകാശിക്കും; ഇരുട്ടും വെളിച്ചവും നിനക്കു ഒരുപോലെ തന്നേ. 13നീയല്ലോ എന്റെ അന്തരംഗങ്ങളെ നിൎമ്മിച്ചതു; എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു. 14ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു; അതു എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു. 15ഞാൻ രഹസ്യത്തിൽ ഉണ്ടാക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളിൽ നിൎമ്മിക്കപ്പെടുകയും ചെയ്തപ്പോൾ എന്റെ അസ്ഥിക്കുടം നിനക്കു മറവായിരുന്നില്ല. 16ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ നിന്റെ കണ്ണു എന്നെ കണ്ടു; നിയമിക്കപ്പെട്ട നാളുകളിൽ ഒന്നും ഇല്ലാതിരുന്നപ്പോൾ അവയെല്ലാം നിന്റെ പുസ്തകത്തിൽ എഴുതിയിരുന്നു; 17ദൈവമേ, നിന്റെ വിചാരങ്ങൾ എനിക്കു എത്ര ഘനമായവ! അവയുടെ ആകത്തുകയും എത്ര വലിയതു! 18അവയെ എണ്ണിയാൽ മണലിനെക്കാൾ അധികം; ഞാൻ ഉണരുമ്പോൾ ഇനിയും ഞാൻ നിന്റെ അടുക്കൽ ഇരിക്കുന്നു. 19ദൈവമേ, നീ ദുഷ്ടനെ നിഗ്രഹിച്ചെങ്കിൽ കൊള്ളായിരുന്നു; രക്തപാതകന്മാരേ, എന്നെ വിട്ടുപോകുവിൻ. 20അവർ ദ്രോഹമായി നിന്നെക്കുറിച്ചു സംസാരിക്കുന്നു; നിന്റെ ശത്രുക്കൾ നിന്റെ നാമം വൃഥാ എടുക്കുന്നു. 21യഹോവേ, നിന്നെ പകെക്കുന്നവരെ ഞാൻ പകക്കേണ്ടതല്ലയോ? നിന്നോടു എതിൎത്തുനില്ക്കുന്നവരെ ഞാൻ വെറുക്കേണ്ടതല്ലയോ? 22ഞാൻ പൂൎണ്ണദ്വേഷത്തോടെ അവരെ ദ്വേഷിക്കുന്നു; അവരെ എന്റെ ശത്രുക്കളായി എണ്ണുന്നു. 23ദൈവമേ, എന്നെ ശോധന ചെയ്തു എന്റെ ഹൃദയത്തെ അറിയേണമേ; എന്നെ പരീക്ഷിച്ചു എന്റെ നിനവുകളെ അറിയേണമേ. 24വ്യസനത്തിന്നുള്ള മാൎഗ്ഗം എന്നിൽ ഉണ്ടോ എന്നു നോക്കി, ശാശ്വതമാൎഗ്ഗത്തിൽ എന്നെ നടത്തേണമേ.

വാക്യനമ്പറുകൾ തിരഞ്ഞെടുത്ത പരിഭാഷയെ പിന്തുടരുന്നു; ചില അധ്യായങ്ങളിൽ ഒരു വാക്യത്തിന്റെ വ്യത്യാസം ഉണ്ടാകാം.

വായനാസൗകര്യം

നിങ്ങളെ സഹായിക്കുന്നത് തിരഞ്ഞെടുക്കുക. നിങ്ങളുടെ തിരഞ്ഞെടുപ്പ് ഈ ഉപകരണത്തിൽ സൂക്ഷിക്കപ്പെടും.

അക്ഷരവലുപ്പം

നിങ്ങളുടെ ഉപകരണത്തിന്റെ സ്വന്തം ക്രമീകരണങ്ങളാണോ ഇഷ്ടം (സൂം, സ്ക്രീൻ റീഡർ, ഡാർക്ക് മോഡ്)? അവയും ഇവിടെ പ്രവർത്തിക്കും.