ഉള്ളടക്കത്തിലേക്ക് പോകുക
ബീറ്റ

നൂൽ ഇതുവരെ മലയാളം ഭാഷയിലേക്ക് പൂർണ്ണമായി പരിഭാഷപ്പെടുത്തിയിട്ടില്ല. ഇനിയും പരിഭാഷപ്പെടുത്താത്തവ ഇംഗ്ലീഷിൽ കാണിക്കുന്നു.

സങ്കീർത്തനങ്ങൾ 69

ഈ അധ്യായം ഇതിൽ ഉൾപ്പെടുന്നു: Boek II

1ദൈവമേ, എന്നെ രക്ഷിക്കേണമേ; വെള്ളം എന്റെ പ്രാണനോളം എത്തിയിരിക്കുന്നു. 2ഞാൻ നിലയില്ലാത്ത ആഴമുള്ള ചേറ്റിൽ താഴുന്നു; ആഴമുള്ള വെള്ളത്തിൽ ഞാൻ മുങ്ങിപ്പോകുന്നു; പ്രവാഹങ്ങൾ എന്നെ കവിഞ്ഞൊഴുകുന്നു. 3എന്റെ നിലവിളിയാൽ ഞാൻ തളൎന്നിരിക്കുന്നു; എന്റെ തൊണ്ട ഉണങ്ങിയിരിക്കുന്നു; ഞാൻ എന്റെ ദൈവത്തെ പ്രതീക്ഷിച്ചു എന്റെ കണ്ണു മങ്ങിപ്പോകുന്നു. 4കാരണംകൂടാതെ എന്നെ പകെക്കുന്നവർ എന്റെ തലയിലെ രോമത്തിലും അധികമാകുന്നു; വൃഥാ എനിക്കു ശത്രുക്കളായി എന്നെ സംഹരിപ്പാൻ ഭാവിക്കുന്നവർ പെരുകിയിരിക്കുന്നു; ഞാൻ കവൎച്ചചെയ്യാത്തതു തിരികെ കൊടുക്കേണ്ടിവരുന്നു. 5ദൈവമേ, നീ എന്റെ ഭോഷത്വം അറിയുന്നു; എന്റെ അകൃത്യങ്ങൾ നിനക്കു മറവായിരിക്കുന്നില്ല. 6സൈന്യങ്ങളുടെ യഹോവയായ കൎത്താവേ, നിങ്കൽ പ്രത്യാശവെക്കുന്നവർ എന്റെ നിമിത്തം ലജ്ജിച്ചുപോകരുതേ; യിസ്രായേലിന്റെ ദൈവമേ, നിന്നെ അന്വേഷിക്കുന്നവർ എന്റെ നിമിത്തം നാണിച്ചുപോകരുതേ. 7നിന്റെനിമിത്തം ഞാൻ നിന്ദ വഹിച്ചു; ലജ്ജ എന്റെ മുഖത്തെ മൂടിയിരിക്കുന്നു. 8എന്റെ സഹോദരന്മാൎക്കു ഞാൻ പരദേശിയും എന്റെ അമ്മയുടെ മക്കൾക്കു അന്യനും ആയി തീൎന്നിരിക്കുന്നു. 9നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവു എന്നെ തിന്നുകളഞ്ഞു; നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെ മേൽ വീണിരിക്കുന്നു. 10ഞാൻ കരഞ്ഞു ഉപവാസത്താൽ ആത്മതപനം ചെയ്തു. അതും എനിക്കു നിന്ദയായ്തീൎന്നു; 11ഞാൻ രട്ടുശീല എന്റെ ഉടുപ്പാക്കി; ഞാൻ അവൎക്കു പഴഞ്ചൊല്ലായ്തീൎന്നു. 12പട്ടണവാതില്ക്കൽ ഇരിക്കുന്നവർ എന്നെക്കുറിച്ചു സല്ലാപിക്കുന്നു; ഞാൻ മദ്യപന്മാരുടെ പാട്ടായിരിക്കുന്നു. 13ഞാനോ യഹോവേ, പ്രസാദകാലത്തു നിന്നോടു പ്രാൎത്ഥിക്കുന്നു; ദൈവമേ, നിന്റെ ദയയുടെ ബഹുത്വത്താൽ, നിന്റെ രക്ഷാവിശ്വസ്തതയാൽ തന്നേ, എനിക്കുത്തരമരുളേണമേ. 14ചേറ്റിൽനിന്നു എന്നെ കയറ്റേണമേ; ഞാൻ താണുപോകരുതേ; എന്നെ പകെക്കുന്നവരുടെ കയ്യിൽനിന്നും ആഴമുള്ള വെള്ളത്തിൽനിന്നും എന്നെ വിടുവിക്കേണമേ. 15ജലപ്രവാഹം എന്റെ മീതെ കവിയരുതേ; ആഴം എന്നെ വിഴുങ്ങരുതേ; കുഴി എന്നെ അടെച്ചുകൊള്ളുകയുമരുതേ. 16യഹോവേ, എനിക്കുത്തരമരുളേണമേ; നിന്റെ ദയ നല്ലതല്ലോ; നിന്റെ കരുണയുടെ ബഹുത്വപ്രകാരം എങ്കലേക്കു തിരിയേണമേ; 17അടിയന്നു തിരുമുഖം മറെക്കരുതേ; ഞാൻ കഷ്ടത്തിൽ ഇരിക്കയാൽ വേഗത്തിൽ എനിക്കു ഉത്തരമരുളേണമേ. 18എന്റെ പ്രാണനോടു അടുത്തുവന്നു അതിനെ വീണ്ടുകൊള്ളേണമേ; എന്റെ ശത്രുക്കൾനിമിത്തം എന്നെ വീണ്ടെടുക്കേണമേ. 19എനിക്കുള്ള നിന്ദയും ലജ്ജയും അപമാനവും നീ അറിയുന്നു; എന്റെ വൈരികൾ എല്ലാവരും നിന്റെ ദൃഷ്ടിയിൽ ഇരിക്കുന്നു. 20നിന്ദ എന്റെ ഹൃദയത്തെ തകൎത്തു, ഞാൻ ഏറ്റവും വിഷാദിച്ചിരിക്കുന്നു; വല്ലവന്നും സഹതാപം തോന്നുമോ എന്നു ഞാൻ നോക്കിക്കൊണ്ടിരുന്നു; ആൎക്കും തോന്നിയില്ല; ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നും നോക്കിക്കൊണ്ടിരുന്നു; ആരെയും കണ്ടില്ലതാനും. 21അവർ എനിക്കു തിന്നുവാൻ കൈപ്പു തന്നു; എന്റെ ദാഹത്തിന്നു അവർ എനിക്കു ചൊറുക്ക കുടിപ്പാൻ തന്നു. 22അവരുടെ മേശ അവരുടെ മുമ്പിൽ കണിയായും അവർ സുഖത്തോടിരിക്കുമ്പോൾ കുടുക്കായും തീരട്ടെ. 23അവരുടെ കണ്ണു കാണാതവണ്ണം ഇരുണ്ടുപോകട്ടെ; അവരുടെ അര എപ്പോഴും ആടുമാറാക്കേണമേ. 24നിന്റെ ക്രോധം അവരുടെമേൽ പകരേണമേ; നിന്റെ ഉഗ്രകോപം അവരെ പിടിക്കുമാറാകട്ടെ. 25അവരുടെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ; അവരുടെ കൂടാരങ്ങളിൽ ആരും പാൎക്കാതിരിക്കട്ടെ. 26നീ ദണ്ഡിപ്പിച്ചവനെ അവർ ഉപദ്രവിക്കുന്നു; നീ മുറിവേല്പിച്ചവരുടെ വേദനയെ അവർ വിവരിക്കുന്നു. 27അവരുടെ അകൃത്യത്തോടു അകൃത്യം കൂട്ടേണമേ; നിന്റെ നീതിയെ അവർ പ്രാപിക്കരുതേ. 28ജീവന്റെ പുസ്തകത്തിൽനിന്നു അവരെ മായിച്ചുകളയേണമേ; നീതിമാന്മാരോടുകൂടെ അവരെ എഴുതരുതേ. 29ഞാനോ എളിയവനും ദുഃഖിതനും ആകുന്നു; ദൈവമേ, നിന്റെ രക്ഷ എന്നെ ഉയൎത്തുമാറാകട്ടെ. 30ഞാൻ പാട്ടോടെ ദൈവത്തിന്റെ നാമത്തെ സ്തുതിക്കും; സ്തോത്രത്തോടെ അവനെ മഹത്വപ്പെടുത്തും. 31അതു യഹോവെക്കു കാളയെക്കാളും കൊമ്പും കുളമ്പും ഉള്ള മൂരിയെക്കാളും പ്രസാദകരമാകും. 32സൌമ്യതയുള്ളവർ അതു കണ്ടു സന്തോഷിക്കും; ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയം ജീവിക്കട്ടെ. 33യഹോവ ദരിദ്രന്മാരുടെ പ്രാൎത്ഥന കേൾക്കുന്നു; തന്റെ ബദ്ധന്മാരെ നിന്ദിക്കുന്നതുമില്ല; 34ആകാശവും ഭൂമിയും സമുദ്രങ്ങളും അവയിൽ ചരിക്കുന്ന സകലവും അവനെ സ്തുതിക്കട്ടെ. 35ദൈവം സീയോനെ രക്ഷിക്കും; അവൻ യെഹൂദാനഗരങ്ങളെ പണിയും; അവർ അവിടെ പാൎത്തു അതിനെ കൈവശമാക്കും. 36അവന്റെ ദാസന്മാരുടെ സന്തതി അതിനെ അവകാശമാക്കും; അവന്റെ നാമത്തെ സ്നേഹിക്കുന്നവർ അതിൽ വസിക്കും.

വാക്യനമ്പറുകൾ തിരഞ്ഞെടുത്ത പരിഭാഷയെ പിന്തുടരുന്നു; ചില അധ്യായങ്ങളിൽ ഒരു വാക്യത്തിന്റെ വ്യത്യാസം ഉണ്ടാകാം.

വായനാസൗകര്യം

നിങ്ങളെ സഹായിക്കുന്നത് തിരഞ്ഞെടുക്കുക. നിങ്ങളുടെ തിരഞ്ഞെടുപ്പ് ഈ ഉപകരണത്തിൽ സൂക്ഷിക്കപ്പെടും.

അക്ഷരവലുപ്പം

നിങ്ങളുടെ ഉപകരണത്തിന്റെ സ്വന്തം ക്രമീകരണങ്ങളാണോ ഇഷ്ടം (സൂം, സ്ക്രീൻ റീഡർ, ഡാർക്ക് മോഡ്)? അവയും ഇവിടെ പ്രവർത്തിക്കും.