ഉള്ളടക്കത്തിലേക്ക് പോകുക
ബീറ്റ

നൂൽ ഇതുവരെ മലയാളം ഭാഷയിലേക്ക് പൂർണ്ണമായി പരിഭാഷപ്പെടുത്തിയിട്ടില്ല. ഇനിയും പരിഭാഷപ്പെടുത്താത്തവ ഇംഗ്ലീഷിൽ കാണിക്കുന്നു.

സങ്കീർത്തനങ്ങൾ 42

ഈ അധ്യായം ഇതിൽ ഉൾപ്പെടുന്നു: Boek II

1മാൻ നീൎത്തോടുകളിലേക്കു ചെല്ലുവാൻ കാംക്ഷിക്കുന്നതുപോലെ ദൈവമേ, എന്റെ ആത്മാവു നിന്നോടു ചേരുവാൻ കാംക്ഷിക്കുന്നു. 2എന്റെ ആത്മാവു ദൈവത്തിന്നായി, ജീവനുള്ള ദൈവത്തിന്നായി തന്നേ, ദാഹിക്കുന്നു; ഞാൻ എപ്പോൾ ദൈവസന്നിധിയിൽ ചെല്ലുവാനിടയാകും. 3നിന്റെ ദൈവം എവിടെ എന്നു അവർ എന്നോടു നിത്യം പറയുന്നതുകൊണ്ടു എന്റെ കണ്ണുനീർ രാവും പകലും എന്റെ ആഹാരമായ്തീൎന്നിരിക്കുന്നു. 4ഉത്സവം ആചരിക്കുന്ന പുരുഷാരത്തിന്റെ സന്തോഷവും സ്തോത്രവുമായ സ്വരത്തോടുകൂടെ സമൂഹമദ്ധ്യേ ഞാൻ ദൈവാലയത്തിലേക്കു ചെന്നതു ഓൎത്തു എന്റെ ഉള്ളം എന്നിൽ പകരുന്നു. 5എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നതെന്തു? ദൈവത്തിൽ പ്രത്യാശ വെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും. 6എന്റെ ദൈവമേ, എന്റെ ആത്മാവു എന്നിൽ വിഷാദിച്ചിരിക്കുന്നു; അതുകൊണ്ടു യോൎദ്ദാൻ പ്രദേശത്തും ഹെൎമ്മോൻപൎവ്വതങ്ങളിലും മിസാർമലയിലുംവെച്ചു ഞാൻ നിന്നെ ഓൎക്കുന്നു; 7നിന്റെ നീൎച്ചാട്ടങ്ങളുടെ ഇരെച്ചലാൽ ആഴി ആഴിയെ വിളിക്കുന്നു; നിന്റെ ഓളങ്ങളും തിരമാലകളുമെല്ലാം എന്റെ മീതെ കടന്നുപോകുന്നു. 8യഹോവ പകൽനേരത്തു തന്റെ ദയ കല്പിക്കും; രാത്രിസമയത്തു ഞാൻ അവന്നു പാട്ടു പാടിക്കൊണ്ടിരിക്കും; എന്റെ ജീവന്റെ ദൈവത്തോടുള്ള പ്രാൎത്ഥന തന്നേ. 9നീ എന്നെ മറന്നതു എന്തു? ശത്രുവിന്റെ ഉപദ്രവംഹേതുവായി ഞാൻ ദുഃഖിച്ചുനടക്കേണ്ടിവന്നതുമെന്തു? എന്നു ഞാൻ എന്റെ പാറയായ ദൈവത്തോടു പറയും. 10നിന്റെ ദൈവം എവിടെ എന്നു എന്റെ ശത്രുക്കൾ ഇടവിടാതെ എന്നോടു പറഞ്ഞുകൊണ്ടു എന്റെ അസ്ഥികളെ തകൎക്കുംവണ്ണം എന്നെ നിന്ദിക്കുന്നു. 11എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നതു എന്തു? ദൈവത്തിൽ പ്രത്യാശവെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും.

വാക്യനമ്പറുകൾ തിരഞ്ഞെടുത്ത പരിഭാഷയെ പിന്തുടരുന്നു; ചില അധ്യായങ്ങളിൽ ഒരു വാക്യത്തിന്റെ വ്യത്യാസം ഉണ്ടാകാം.

വായനാസൗകര്യം

നിങ്ങളെ സഹായിക്കുന്നത് തിരഞ്ഞെടുക്കുക. നിങ്ങളുടെ തിരഞ്ഞെടുപ്പ് ഈ ഉപകരണത്തിൽ സൂക്ഷിക്കപ്പെടും.

അക്ഷരവലുപ്പം

നിങ്ങളുടെ ഉപകരണത്തിന്റെ സ്വന്തം ക്രമീകരണങ്ങളാണോ ഇഷ്ടം (സൂം, സ്ക്രീൻ റീഡർ, ഡാർക്ക് മോഡ്)? അവയും ഇവിടെ പ്രവർത്തിക്കും.