ഉള്ളടക്കത്തിലേക്ക് പോകുക
ബീറ്റ

നൂൽ ഇതുവരെ മലയാളം ഭാഷയിലേക്ക് പൂർണ്ണമായി പരിഭാഷപ്പെടുത്തിയിട്ടില്ല. ഇനിയും പരിഭാഷപ്പെടുത്താത്തവ ഇംഗ്ലീഷിൽ കാണിക്കുന്നു.

സങ്കീർത്തനങ്ങൾ 37

ഈ അധ്യായം ഇതിൽ ഉൾപ്പെടുന്നു: Boek I

1ദുഷ്പ്രവൃത്തിക്കാരുടെ നിമിത്തം നീ മുഷിയരുതു; നീതികേടു ചെയ്യുന്നവരോടു അസൂയപ്പെടുകയുമരുതു. 2അവർ പുല്ലുപോലെ വേഗത്തിൽ ഉണങ്ങി പച്ചച്ചെടിപോലെ വാടിപ്പോകുന്നു. 3യഹോവയിൽ ആശ്രയിച്ചു നന്മചെയ്ക; ദേശത്തു പാൎത്തു വിശ്വസ്തത ആചരിക്ക. യഹോവയിൽ തന്നേ രസിച്ചുകൊൾക; 4അവൻ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും. 5നിന്റെ വഴി യഹോവയെ ഭരമേല്പിക്ക; അവനിൽ തന്നേ ആശ്രയിക്ക; അവൻ അതു നിൎവ്വഹിക്കും. 6അവൻ നിന്റെ നീതിയെ പ്രഭാതം പോലെയും നിന്റെ ന്യായത്തെ മദ്ധ്യാഹ്നംപോലെയും പ്രകാശിപ്പിക്കും. 7യഹോവയുടെ മുമ്പാകെ മിണ്ടാതെയിരുന്നു അവന്നായി പ്രത്യാശിക്ക; കാൎയ്യസാധ്യം പ്രാപിക്കുന്നവനെയും ദുരുപായം പ്രയോഗിക്കുന്നവനെയും കുറിച്ചു നീ മുഷിയരുതു. 8കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക; മുഷിഞ്ഞുപോകരുതു; അതു ദോഷത്തിന്നു ഹേതുവാകേയുള്ളു. 9ദുഷ്പ്രവൃത്തിക്കാർ ഛേദിക്കപ്പെടും; യഹോവയെ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും. 10കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല; നീ അവന്റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല. 11എന്നാൽ സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും. 12ദുഷ്ടൻ നീതിമാന്നു ദോഷം നിരൂപിക്കുന്നു; അവന്റെ നേരെ അവൻ പല്ലു കടിക്കുന്നു. 13കൎത്താവു അവനെ നോക്കി ചിരിക്കും; അവന്റെ ദിവസം വരുന്നു എന്നു അവൻ കാണുന്നു. 14എളിയവനെയും ദരിദ്രനെയും വീഴിപ്പാനും സന്മാൎഗ്ഗികളെ കൊല്ലുവാനും ദുഷ്ടന്മാർ വാളൂരി വില്ലു കുലെച്ചിരിക്കുന്നു. 15അവരുടെ വാൾ അവരുടെ ഹൃദയത്തിൽ തന്നേ കടക്കും; അവരുടെ വില്ലുകൾ ഒടിഞ്ഞുപോകും. 16അനേകദുഷ്ടന്മാൎക്കുള്ള സമൃദ്ധിയെക്കാൾ നീതിമാന്നുള്ള അല്പം ഏറ്റവും നല്ലതു. 17ദുഷ്ടന്മാരുടെ ഭുജങ്ങൾ ഒടിഞ്ഞുപോകും; എന്നാൽ നീതിമാന്മാരെ യഹോവ താങ്ങും. 18യഹോവ നിഷ്കളങ്കന്മാരുടെ നാളുകളെ അറിയുന്നു; അവരുടെ അവകാശം ശാശ്വതമായിരിക്കും. 19ദുഷ്കാലത്തു അവർ ലജ്ജിച്ചു പോകയില്ല; ക്ഷാമകാലത്തു അവർ തൃപ്തരായിരിക്കും. 20എന്നാൽ ദുഷ്ടന്മാർ നശിച്ചുപോകും; യഹോവയുടെ ശത്രുക്കൾ പുല്പുറത്തിന്റെ ഭംഗിപോലേയുള്ളു; അവർ ക്ഷയിച്ചുപോകും; പുകപോലെ ക്ഷയിച്ചുപോകും. 21ദുഷ്ടൻ വായ്പ വാങ്ങുന്നു, തിരികെ കൊടുക്കുന്നില്ല; നീതിമാനോ കൃപാലുവായി ദാനം ചെയ്യുന്നു. 22അവനാൽ അനുഗ്രഹിക്കപ്പെട്ടവർ ഭൂമിയെ കൈവശമാക്കും. അവനാൽ ശപിക്കപ്പെട്ടവരോ ഛേദിക്കപ്പെടും. 23ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദം തോന്നിയാൽ യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു. 24അവൻ വീണാലും നിലംപരിചാകയില്ല; യഹോവ അവനെ കൈ പിടിച്ചു താങ്ങുന്നു. 25ഞാൻ ബാലനായിരുന്നു, വൃദ്ധനായിത്തീൎന്നു; നീതിമാൻ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല. 26അവൻ നിത്യം കൃപാലുവായി വായ്പ കൊടുക്കുന്നു; അവന്റെ സന്തതി അനുഗ്രഹിക്കപ്പെടുന്നു. 27ദോഷം വിട്ടൊഴിഞ്ഞു ഗുണം ചെയ്ക; എന്നാൽ നീ സദാകാലം സുഖമായി വസിക്കും. 28യഹോവ ന്യായപ്രിയനാകുന്നു; തന്റെ വിശുദ്ധന്മാരെ ഉപേക്ഷിക്കുന്നതുമില്ല; അവർ എന്നേക്കും പരിപാലിക്കപ്പെടുന്നു; ദുഷ്ടന്മാരുടെ സന്തതിയോ ഛേദിക്കപ്പെടും. 29നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും; 30നീതിമാന്റെ വായ് ജ്ഞാനം പ്രസ്താവിക്കുന്നു; അവന്റെ നാവു ന്യായം സംസാരിക്കുന്നു. 31തന്റെ ദൈവത്തിന്റെ ന്യായപ്രമാണം അവന്റെ ഹൃദയത്തിൽ ഉണ്ടു; അവന്റെ കാലടികൾ വഴുതുകയില്ല. 32ദുഷ്ടൻ നീതിമാന്നായി പതിയിരുന്നു, അവനെ കൊല്ലുവാൻ നോക്കുന്നു. 33യഹോവ അവനെ അവന്റെ കയ്യിൽ വിട്ടുകൊടുക്കയില്ല; ന്യായവിസ്താരത്തിൽ അവനെ കുറ്റം വിധിക്കയുമില്ല. 34യഹോവെക്കായി പ്രത്യാശിച്ചു അവന്റെ വഴി പ്രമാണിച്ചുനടക്ക; എന്നാൽ ഭൂമിയെ അവകാശമാക്കുവാൻ അവൻ നിന്നെ ഉയൎത്തും; ദുഷ്ടന്മാർ ഛേദിക്കപ്പെടുന്നതു നീ കാണും. 35ദുഷ്ടൻ പ്രബലനായിരിക്കുന്നതും; സ്വദേശികമായ പച്ചവൃക്ഷംപോലെ തഴെക്കുന്നതും ഞാൻ കണ്ടിട്ടുണ്ടു. 36ഞാൻ പിന്നെ അതിലെ പോയപ്പോൾ അവൻ ഇല്ല; ഞാൻ അന്വേഷിച്ചു, അവനെ കണ്ടതുമില്ല. 37നിഷ്കളങ്കനെ കുറിക്കൊള്ളുക; നേരുള്ളവനെ നോക്കിക്കൊൾക; സമാധാനപുരുഷന്നു സന്തതി ഉണ്ടാകും. 38എന്നാൽ അതിക്രമക്കാർ ഒരുപോലെ മുടിഞ്ഞുപോകും; ദുഷ്ടന്മാരുടെ സന്താനം ഛേദിക്കപ്പെടും. 39നീതിമാന്മാരുടെ രക്ഷ യഹോവയിങ്കൽനിന്നു വരുന്നു; കഷ്ടകാലത്തു അവൻ അവരുടെ ദുൎഗ്ഗം ആകുന്നു. 40യഹോവ അവരെ സഹായിച്ചു വിടുവിക്കുന്നു; അവർ അവനിൽ ആശ്രയിക്കകൊണ്ടു അവൻ അവരെ ദുഷ്ടന്മാരുടെ കയ്യിൽനിന്നു വിടുവിച്ചു രക്ഷിക്കുന്നു.

വാക്യനമ്പറുകൾ തിരഞ്ഞെടുത്ത പരിഭാഷയെ പിന്തുടരുന്നു; ചില അധ്യായങ്ങളിൽ ഒരു വാക്യത്തിന്റെ വ്യത്യാസം ഉണ്ടാകാം.

വായനാസൗകര്യം

നിങ്ങളെ സഹായിക്കുന്നത് തിരഞ്ഞെടുക്കുക. നിങ്ങളുടെ തിരഞ്ഞെടുപ്പ് ഈ ഉപകരണത്തിൽ സൂക്ഷിക്കപ്പെടും.

അക്ഷരവലുപ്പം

നിങ്ങളുടെ ഉപകരണത്തിന്റെ സ്വന്തം ക്രമീകരണങ്ങളാണോ ഇഷ്ടം (സൂം, സ്ക്രീൻ റീഡർ, ഡാർക്ക് മോഡ്)? അവയും ഇവിടെ പ്രവർത്തിക്കും.