ഉള്ളടക്കത്തിലേക്ക് പോകുക
ബീറ്റ

നൂൽ ഇതുവരെ മലയാളം ഭാഷയിലേക്ക് പൂർണ്ണമായി പരിഭാഷപ്പെടുത്തിയിട്ടില്ല. ഇനിയും പരിഭാഷപ്പെടുത്താത്തവ ഇംഗ്ലീഷിൽ കാണിക്കുന്നു.

ഇയ്യോബ് 36

ഈ അധ്യായം ഇതിൽ ഉൾപ്പെടുന്നു: Elihu

1എലീഹൂ പിന്നെയും പറഞ്ഞതെന്തെന്നാൽ: 2അല്പം ക്ഷമിക്ക, ഞാൻ അറിയിച്ചുതരാം; ദൈവത്തിന്നു വേണ്ടി ഇനിയും ചില വാക്കു പറവാനുണ്ടു. 3ഞാൻ ദൂരത്തുനിന്നു അറിവു കൊണ്ടുവരും; എന്റെ സ്രഷ്ടാവിന്നു നീതിയെ ആരോപിക്കും. 4എന്റെ വാക്കു ഭോഷ്കല്ല നിശ്ചയം; അറിവു തികഞ്ഞവൻ നിന്റെ അടുക്കൽ നില്ക്കുന്നു. 5ദൈവം ബലവാനെങ്കിലും ആരെയും നിരസിക്കുന്നില്ല; അവൻ വിവേകശക്തിയിലും ബലവാൻ തന്നേ. 6അവൻ ദുഷ്ടന്റെ ജീവനെ രക്ഷിക്കുന്നില്ല; ദുഃഖിതന്മാൎക്കോ അവൻ ന്യായം നടത്തിക്കൊടുക്കുന്നു. 7അവൻ നീതിമാന്മാരിൽനിന്നു തന്റെ കടാക്ഷം മാറ്റുന്നില്ല; രാജാക്കന്മാരോടുകൂടെ അവരെ സിംഹാസനത്തിൽ ഇരുത്തുന്നു; അവർ എന്നേക്കും ഉയൎന്നിരിക്കുന്നു. 8അവർ ചങ്ങലകളാൽ ബന്ധിക്കപ്പെട്ടു കഷ്ടതയുടെ പാശങ്ങളാൽ പിടിക്കപ്പെട്ടാൽ 9അവൻ അവൎക്കു അവരുടെ പ്രവൃത്തിയും അഹങ്കരിച്ചുപോയ ലംഘനങ്ങളും കാണിച്ചുകൊടുക്കും. 10അവൻ അവരുടെ ചെവി പ്രബോധനത്തിന്നു തുറക്കുന്നു; അവർ നീതികേടു വിട്ടുതിരിവാൻ കല്പിക്കുന്നു. 11അവർ കേട്ടനുസരിച്ചു അവനെ സേവിച്ചാൽ തങ്ങളുടെ നാളുകളെ ഭാഗ്യത്തിലും ആണ്ടുകളെ ആനന്ദത്തിലും കഴിച്ചുകൂട്ടും. 12കേൾക്കുന്നില്ലെങ്കിലോ അവർ വാളാൽ നശിക്കും; ബുദ്ധിമോശത്താൽ മരിച്ചുപോകും. 13ദുഷ്ടമാനസന്മാർ കോപം സംഗ്രഹിച്ചുവെക്കുന്നു; അവൻ അവരെ ബന്ധിക്കുമ്പോൾ അവർ രക്ഷെക്കായി വിളിക്കുന്നില്ല. 14അവർ യൌവനത്തിൽ തന്നേ മരിച്ചു പോകുന്നു; അവരുടെ ജീവൻ ദുൎന്നടപ്പുകാരുടേതു പോലെ നശിക്കുന്നു. 15അവൻ അരിഷ്ടനെ അവന്റെ അരിഷ്ടതയാൽ വിടുവിക്കുന്നു; പീഡയിൽ തന്നേ അവരുടെ ചെവി തുറക്കുന്നു. 16നിന്നെയും അവൻ കഷ്ടതയുടെ വായിൽ നിന്നു ഇടുക്കമില്ലാത്ത വിശാലതയിലേക്കു നടത്തുമായിരുന്നു. നിന്റെ മേശമേൽ സ്വാദുഭോജനം വെക്കുമായിരുന്നു. 17നീയോ ദുഷ്ടവിധികൊണ്ടു നിറഞ്ഞിരിക്കുന്നു; വിധിയും നീതിയും നിന്നെ പിടിക്കും. 18കോപം നിന്നെ പരിഹാസത്തിന്നായി വശീകരിക്കരുതു; മറുവിലയുടെ വലിപ്പം ഓൎത്തു നീ തെറ്റിപ്പോകയുമരുതു. 19കഷ്ടത്തിൽ അകപ്പെടാതിരിപ്പാൻ നിന്റെ നിലവിളിയും ശക്തിയേറിയ പരിശ്രമങ്ങൾ ഒക്കെയും മതിയാകുമോ? 20ജാതികൾ തങ്ങളുടെ സ്ഥലത്തുവെച്ചു മുടിഞ്ഞുപോകുന്ന രാത്രിയെ നീ കാംക്ഷിക്കരുതു. 21സൂക്ഷിച്ചുകൊൾക; നീതികേടിലേക്കു തിരിയരുതു; അതല്ലോ നീ അരിഷ്ടതയെക്കാൾ ഇച്ഛിക്കുന്നതു. 22ദൈവം തന്റെ ശക്തിയാൽ ഉന്നതമായി പ്രവൎത്തിക്കുന്നു; അവന്നു തുല്യനായ ഉപദേശകൻ ആരുള്ളു? 23അവനോടു അവന്റെ വഴിയെ കല്പിച്ചതാർ? നീ നീതികേടു ചെയ്തു എന്നു അവനോടു ആൎക്കു പറയാം? 24അവന്റെ പ്രവൃത്തിയെ മഹിമപ്പെടുത്തുവാൻ നീ ഓൎത്തുകൊൾക; അതിനെക്കുറിച്ചല്ലോ മനുഷ്യർ പാടിയിരിക്കുന്നതു. 25മനുഷ്യരൊക്കെയും അതു കണ്ടു രസിക്കുന്നു; ദൂരത്തുനിന്നു മൎത്യൻ അതിനെ സൂക്ഷിച്ചുനോക്കുന്നു. 26നമുക്കു അറിഞ്ഞുകൂടാതവണ്ണം ദൈവം അത്യുന്നതൻ; അവന്റെ ആണ്ടുകളുടെ സംഖ്യ ആരാഞ്ഞുകൂടാത്തതു. 27അവൻ നീൎത്തുള്ളികളെ ആകൎഷിക്കുന്നു; അവന്റെ ആവിയാൽ അവ മഴയായി പെയ്യുന്നു. 28മേഘങ്ങൾ അവയെ ചൊരിയുന്നു; മനുഷ്യരുടെമേൽ ധാരാളമായി പൊഴിക്കുന്നു. 29ആൎക്കെങ്കിലും മേഘങ്ങളുടെ വിരിവുകളെയും അവന്റെ കൂടാരത്തിന്റെ മുഴക്കത്തെയും ഗ്രഹിക്കാമോ? 30അവൻ തന്റെ ചുറ്റും പ്രകാശം വിരിക്കുന്നു; സമുദ്രത്തിന്റെ അടിയെ മൂടുന്നു. 31ഇവയാൽ അവൻ ജാതികളെ ന്യായം വിധിക്കുന്നു; ആഹാരവും ധാരാളമായി കൊടുക്കുന്നു. 32അവൻ മിന്നൽകൊണ്ടു തൃക്കൈ നിറെക്കുന്നു; പ്രതിയോഗിയുടെ നേരെ അതിനെ നിയോഗിക്കുന്നു. 33അതിന്റെ മുഴക്കം അവനെയും കന്നുകാലികൾ എഴുന്നെള്ളുന്നവനെയും കുറിച്ചു അറിവുതരുന്നു.

വാക്യനമ്പറുകൾ തിരഞ്ഞെടുത്ത പരിഭാഷയെ പിന്തുടരുന്നു; ചില അധ്യായങ്ങളിൽ ഒരു വാക്യത്തിന്റെ വ്യത്യാസം ഉണ്ടാകാം.

വായനാസൗകര്യം

നിങ്ങളെ സഹായിക്കുന്നത് തിരഞ്ഞെടുക്കുക. നിങ്ങളുടെ തിരഞ്ഞെടുപ്പ് ഈ ഉപകരണത്തിൽ സൂക്ഷിക്കപ്പെടും.

അക്ഷരവലുപ്പം

നിങ്ങളുടെ ഉപകരണത്തിന്റെ സ്വന്തം ക്രമീകരണങ്ങളാണോ ഇഷ്ടം (സൂം, സ്ക്രീൻ റീഡർ, ഡാർക്ക് മോഡ്)? അവയും ഇവിടെ പ്രവർത്തിക്കും.