ഉള്ളടക്കത്തിലേക്ക് പോകുക
ബീറ്റ

നൂൽ ഇതുവരെ മലയാളം ഭാഷയിലേക്ക് പൂർണ്ണമായി പരിഭാഷപ്പെടുത്തിയിട്ടില്ല. ഇനിയും പരിഭാഷപ്പെടുത്താത്തവ ഇംഗ്ലീഷിൽ കാണിക്കുന്നു.

ഇയ്യോബ് 33

ഈ അധ്യായം ഇതിൽ ഉൾപ്പെടുന്നു: Elihu

1എങ്കിലോ ഇയ്യോബേ, എന്റെ ഭാഷണം കേട്ടുകൊൾക; എന്റെ സകലവാക്കുകളും ശ്രദ്ധിച്ചുകൊൾക. 2ഇതാ, ഞാൻ ഇപ്പോൾ എന്റെ വായ്തുറക്കുന്നു; എന്റെ വായിൽ എന്റെ നാവു സംസാരിക്കുന്നു. 3എന്റെ വചനങ്ങൾ എന്റെ ഉള്ളിലെ നേർ ഉച്ചരിക്കും. എന്റെ അധരങ്ങൾ അറിയുന്നതു അവ പരമാൎത്ഥമായി പ്രസ്താവിക്കും. 4ദൈവത്തിന്റെ ആത്മാവു എന്നെ സൃഷ്ടിച്ചു; സൎവ്വശക്തന്റെ ശ്വാസം എനിക്കു ജീവനെ തരുന്നു. 5നിനക്കു കഴിയുമെങ്കിൽ എന്നോടു പ്രതിവാദിക്ക; സന്നദ്ധനായി എന്റെ മുമ്പാകെ നിന്നുകൊൾക. 6ഇതാ, നിന്നെപ്പോലെ ഞാനും ദൈവത്തിന്നുള്ളവൻ; എന്നെയും മണ്ണുകൊണ്ടു നിൎമ്മിച്ചിരിക്കുന്നു. 7എന്റെ ഭീഷണി നിന്നെ ഭയപ്പെടുത്തുകയില്ല; എന്റെ ഘനം നിനക്കു ഭാരമായിരിക്കയുമില്ല. 8ഞാൻ കേൾക്കെ നീ പറഞ്ഞതും നിന്റെ വാക്കു ഞാൻ കേട്ടതും എന്തെന്നാൽ: 9ഞാൻ ലംഘനം ഇല്ലാത്ത നിൎമ്മലൻ; ഞാൻ നിൎദ്ദോഷി; എന്നിൽ അകൃത്യവുമില്ല. 10അവൻ എന്റെ നേരെ വിരുദ്ധങ്ങളെ കണ്ടുപിടിക്കുന്നു; എന്നെ തനിക്കു ശത്രുവായി വിചാരിക്കുന്നു. 11അവൻ എന്റെ കാലുകളെ ആമത്തിൽ ഇടുന്നു; എന്റെ പാതകളെ ഒക്കെയും സൂക്ഷിച്ചുനോക്കുന്നു. 12ഇതിന്നു ഞാൻ നിന്നോടു ഉത്തരം പറയാം: ഇതിൽ നീ നീതിമാൻ അല്ല; ദൈവം മനുഷ്യനെക്കാൾ വലിയവനല്ലോ. 13നീ അവനോടു എന്തിന്നു വാദിക്കുന്നു? തന്റെ കാൎയ്യങ്ങളിൽ ഒന്നിന്നും അവൻ കാരണം പറയുന്നില്ലല്ലോ. 14ഒന്നോ രണ്ടോ വട്ടം ദൈവം അരുളിച്ചെയ്യുന്നു; മനുഷ്യൻ അതു കൂട്ടാക്കുന്നില്ലതാനും. 15ഗാഢനിദ്ര മനുഷ്യൎക്കുണ്ടാകുമ്പോൾ, അവർ ശയ്യമേൽ നിദ്രകൊള്ളുമ്പോൾ, സ്വപ്നത്തിൽ, രാത്രിദൎശനത്തിൽ തന്നേ, 16അവൻ മനുഷ്യരുടെ ചെവി തുറക്കുന്നു; അവരോടുള്ള പ്രബോധനെക്കു മുദ്രയിടുന്നു. 17മനുഷ്യനെ അവന്റെ ദുഷ്കൎമ്മത്തിൽനിന്നു അകറ്റുവാനും പുരുഷനെ ഗൎവ്വത്തിൽനിന്നു രക്ഷിപ്പാനും തന്നേ. 18അവൻ കുഴിയിൽനിന്നു അവന്റെ പ്രാണനെയും വാളാൽ നശിക്കാതവണ്ണം അവന്റെ ജീവനെയും കാക്കുന്നു. 19തന്റെ കിടക്കമേൽ അവൻ വേദനയാൽ ശിക്ഷിക്കപ്പെടുന്നു; അവന്റെ അസ്ഥികളിൽ ഇടവിടാതെ പോരാട്ടം ഉണ്ടു. 20അതുകൊണ്ടു അവന്റെ ജീവൻ അപ്പവും അവന്റെ പ്രാണൻ സ്വാദുഭോജനവും വെറുക്കുന്നു. 21അവന്റെ മാംസം ക്ഷയിച്ചു കാണ്മാനില്ലാതെയായിരിക്കുന്നു; കാണ്മാനില്ലാതിരുന്ന അവന്റെ അസ്ഥികൾ പൊങ്ങിനില്ക്കുന്നു. 22അവന്റെ പ്രാണൻ ശവക്കുഴിക്കും അവന്റെ ജീവൻ നാശകന്മാൎക്കും അടുത്തിരിക്കുന്നു. 23മനുഷ്യനോടു അവന്റെ ധൎമ്മം അറിയിക്കേണ്ടതിന്നു ആയിരത്തിൽ ഒരുത്തനായി മദ്ധ്യസ്ഥനായോരു ദൂതൻ അവന്നു വേണ്ടി ഉണ്ടെന്നുവരികിൽ 24അവൻ അവങ്കൽ കൃപ വിചാരിച്ചു: കുഴിയിൽ ഇറങ്ങാതവണ്ണം ഇവനെ രക്ഷിക്കേണമേ; ഞാൻ ഒരു മറുവില കണ്ടിരിക്കുന്നു എന്നു പറയും 25അപ്പോൾ അവന്റെ ദേഹം യൌവനചൈതന്യത്താൽ പുഷ്ടിവെക്കും; അവൻ ബാല്യപ്രായത്തിലേക്കു തിരിഞ്ഞുവരും. 26അവൻ ദൈവത്തോടു പ്രാൎത്ഥിക്കും; അവൻ അവങ്കൽ പ്രസാദിക്കും; തിരുമുഖത്തെ അവൻ സന്തോഷത്തോടെ കാണും; അവൻ മനുഷ്യന്നു അവന്റെ നീതിയെ പകരം കൊടുക്കും. 27അവൻ മനുഷ്യരുടെ മുമ്പിൽ പാടി പറയുന്നതു: ഞാൻ പാപം ചെയ്തു നേരായുള്ളതു മറിച്ചുകളഞ്ഞു; അതിന്നു എന്നോടു പകരം ചെയ്തിട്ടില്ല. 28അവൻ എന്റെ പ്രാണനെ കുഴിയിൽ ഇറങ്ങാതവണ്ണം രക്ഷിച്ചു; എന്റെ ജീവൻ പ്രകാശത്തെ കണ്ടു സന്തോഷിക്കുന്നു. 29ഇതാ, ദൈവം രണ്ടു മൂന്നു പ്രാവശ്യം ഇവയൊക്കെയും മനുഷ്യനോടു ചെയ്യുന്നു. 30അവന്റെ പ്രാണനെ കുഴിയിൽനിന്നു കരേറ്റേണ്ടതിന്നും ജീവന്റെ പ്രകാശംകൊണ്ടു അവനെ പ്രകാശിപ്പിക്കേണ്ടതിന്നും തന്നേ. 31ഇയ്യോബേ, ശ്രദ്ധവെച്ചു കേൾക്ക; മിണ്ടാതെയിരിക്ക; ഞാൻ സംസാരിക്കാം. 32നിനക്കു ഉത്തരം പറവാനുണ്ടെങ്കിൽ പറക; സംസാരിക്ക; നിന്നെ നീതീകരിപ്പാൻ ആകുന്നു എന്റെ താല്പൎയ്യം. 33ഇല്ലെന്നുവരികിൽ, നീ എന്റെ വാക്കു കേൾക്ക; മിണ്ടാതിരിക്ക; ഞാൻ നിനക്കു ജ്ഞാനം ഉപദേശിച്ചുതരാം.

വാക്യനമ്പറുകൾ തിരഞ്ഞെടുത്ത പരിഭാഷയെ പിന്തുടരുന്നു; ചില അധ്യായങ്ങളിൽ ഒരു വാക്യത്തിന്റെ വ്യത്യാസം ഉണ്ടാകാം.

വായനാസൗകര്യം

നിങ്ങളെ സഹായിക്കുന്നത് തിരഞ്ഞെടുക്കുക. നിങ്ങളുടെ തിരഞ്ഞെടുപ്പ് ഈ ഉപകരണത്തിൽ സൂക്ഷിക്കപ്പെടും.

അക്ഷരവലുപ്പം

നിങ്ങളുടെ ഉപകരണത്തിന്റെ സ്വന്തം ക്രമീകരണങ്ങളാണോ ഇഷ്ടം (സൂം, സ്ക്രീൻ റീഡർ, ഡാർക്ക് മോഡ്)? അവയും ഇവിടെ പ്രവർത്തിക്കും.