ഉള്ളടക്കത്തിലേക്ക് പോകുക
ബീറ്റ

നൂൽ ഇതുവരെ മലയാളം ഭാഷയിലേക്ക് പൂർണ്ണമായി പരിഭാഷപ്പെടുത്തിയിട്ടില്ല. ഇനിയും പരിഭാഷപ്പെടുത്താത്തവ ഇംഗ്ലീഷിൽ കാണിക്കുന്നു.

ഇയ്യോബ് 24

ഈ അധ്യായം ഇതിൽ ഉൾപ്പെടുന്നു: Gesprekken met de vrienden

1സൎവ്വശക്തൻ ശിക്ഷാസമയങ്ങളെ നിയമിക്കാത്തതും അവന്റെ ഭക്തന്മാർ അവന്റെ വിസ്താര ദിവസങ്ങളെ കാണാതിരിക്കുന്നതും എന്തു? 2ചിലർ അതിരുകളെ മാറ്റുന്നു; ചിലർ ആട്ടിൻ കൂട്ടത്തെ കവൎന്നു കൊണ്ടുപോയി മേയ്ക്കുന്നു. 3ചിലർ അനാഥന്മാരുടെ കഴുതയെ കൊണ്ടുപൊയ്ക്കളയുന്നു; ചിലർ വിധവയുടെ കാളയെ പണയംവാങ്ങുന്നു. 4ചിലർ സാധുക്കളെ വഴി തെറ്റിക്കുന്നു; ദേശത്തെ എളിയവർ ഒരുപോലെ ഒളിച്ചുകൊള്ളുന്നു. 5അവർ മരുഭൂമിയിലെ കാട്ടുകഴുതകളെപ്പോലെ ഇര തേടി വേലെക്കു പുറപ്പെടുന്നു; ശൂന്യപ്രദേശം മക്കൾക്കു വേണ്ടി അവൎക്കു ആഹാരം. 6അവർ വയലിൽ അന്യന്റെ പയർ പറിക്കുന്നു; ദുഷ്ടന്റെ മുന്തിരിത്തോട്ടത്തിൽ കാലാ പെറുക്കുന്നു. 7അവർ വസ്ത്രമില്ലാതെ നഗ്നരായി രാത്രി കഴിച്ചുകൂട്ടുന്നു; കുളിരിൽ അവൎക്കു പുതപ്പും ഇല്ല. 8അവർ മലകളിൽ മഴ നനയുന്നു; മറവിടം ഇല്ലായ്കയാൽ അവർ പാറയെ ആശ്രയിക്കുന്നു. 9ചിലർ മുലകുടിക്കുന്ന അനാഥകുട്ടികളെ അപഹരിക്കുന്നു; ചിലർ ദരിദ്രനോടു പണയം വാങ്ങുന്നു. 10അവർ വസ്ത്രം കൂടാതെ നഗ്നരായി നടക്കുന്നു; പട്ടിണി കിടന്നുകൊണ്ടു കറ്റ ചുമക്കുന്നു. 11അന്യരുടെ മതിലുകൾക്കകത്തു അവർ ചക്കാട്ടുന്നു; മുന്തിരിച്ചക്കു ചവിട്ടുകയും ദാഹിച്ചിരിക്കയും ചെയ്യുന്നു. 12പട്ടണത്തിൽ ആളുകൾ ഞരങ്ങുന്നു; പട്ടുപോയവരുടെ പ്രാണൻ നിലവിളിക്കുന്നു; ദൈവത്തിന്നോ അതിൽ നീരസം തോന്നുന്നില്ല. 13ഇവർ വെളിച്ചത്തോടു മത്സരിക്കുന്നു; അതിന്റെ വഴികളെ അറിയുന്നില്ല; അതിന്റെ പാതകളിൽ നടക്കുന്നതുമില്ല. 14കുലപാതകൻ രാവിലെ എഴുന്നേല്ക്കുന്നു; ദരിദ്രനെയും എളിയവനെയും കൊല്ലുന്നു; രാത്രിയിൽ കള്ളനായി നടക്കുന്നു. 15വ്യഭിചാരിയുടെ കണ്ണു അസ്തമാനം കാത്തിരിക്കുന്നു; അവൻ മുഖം മറെച്ചു നടന്നു ഒരു കണ്ണും എന്നെ കാണുകയില്ല എന്നു പറയുന്നു. 16ചിലർ ഇരുട്ടത്തു വീടു തുരന്നു കയറുന്നു; പകൽ അവർ വാതിൽ അടെച്ചു പാൎക്കുന്നു; വെളിച്ചത്തു ഇറങ്ങുന്നതുമില്ല. 17പ്രഭാതം അവൎക്കൊക്കെയും അന്ധതമസ്സു തന്നേ; അന്ധതമസ്സിന്റെ ഘോരത്വങ്ങൾ അവൎക്കു പരിചയമുണ്ടല്ലോ. 18വെള്ളത്തിന്മേൽ അവർ വേഗത്തിൽ പൊയ്പോകുന്നു; അവരുടെ ഓഹരി ഭൂമിയിൽ ശപിക്കപ്പെട്ടിരിക്കുന്നു; മുന്തിരിത്തോട്ടങ്ങളുടെ വഴിക്കു അവർ തിരിയുന്നില്ല. 19ഹിമജലം വരൾച്ചെക്കും ഉഷ്ണത്തിന്നും പാപം ചെയ്തവൻ പാതാളത്തിന്നും ഇരയാകുന്നു. 20ഗൎഭപാത്രം അവനെ മറന്നുകളയും; കൃമി അവനെ തിന്നു രസിക്കും; പിന്നെ ആരും അവനെ ഓൎക്കയില്ല; നീതികേടു ഒരു വൃക്ഷംപോലെ തകൎന്നു പോകും. 21പ്രസവിക്കാത്ത മച്ചിയെ അവൻ വിഴുങ്ങിക്കളയുന്നു; വിധവെക്കു നന്മ ചെയ്യുന്നതുമില്ല. 22അവൻ തന്റെ ശക്തിയാൽ നിഷ്കണ്ടകന്മാരെ നിലനില്ക്കുമാറാക്കുന്നു; ജീവനെക്കുറിച്ചു നിരാശപ്പെട്ടിരിക്കെ അവർ എഴുന്നേല്ക്കുന്നു. 23അവൻ അവൎക്കു നിൎഭയവാസം നല്കുന്നു; അവർ ഉറെച്ചുനില്ക്കുന്നു; എങ്കിലും അവന്റെ ദൃഷ്ടി അവരുടെ വഴികളിന്മേൽ ഉണ്ടു. 24അവർ ഉയൎന്നിരിക്കുന്നു; കുറെകഴിഞ്ഞിട്ടോ അവർ ഇല്ല; അവരെ താഴ്ത്തി മറ്റെല്ലാവരെയുംപോലെ നീക്കിക്കളയുന്നു; കതിരുകളുടെ തലപോലെ അവരെ അറുക്കുന്നു. 25ഇങ്ങനെയല്ലെങ്കിൽ എന്നെ കള്ളനാക്കുകയും എന്റെ വാക്കു ഖണ്ഡിക്കയും ചെയ്യുന്നവൻ ആർ?

വാക്യനമ്പറുകൾ തിരഞ്ഞെടുത്ത പരിഭാഷയെ പിന്തുടരുന്നു; ചില അധ്യായങ്ങളിൽ ഒരു വാക്യത്തിന്റെ വ്യത്യാസം ഉണ്ടാകാം.

വായനാസൗകര്യം

നിങ്ങളെ സഹായിക്കുന്നത് തിരഞ്ഞെടുക്കുക. നിങ്ങളുടെ തിരഞ്ഞെടുപ്പ് ഈ ഉപകരണത്തിൽ സൂക്ഷിക്കപ്പെടും.

അക്ഷരവലുപ്പം

നിങ്ങളുടെ ഉപകരണത്തിന്റെ സ്വന്തം ക്രമീകരണങ്ങളാണോ ഇഷ്ടം (സൂം, സ്ക്രീൻ റീഡർ, ഡാർക്ക് മോഡ്)? അവയും ഇവിടെ പ്രവർത്തിക്കും.