ഉള്ളടക്കത്തിലേക്ക് പോകുക
ബീറ്റ

നൂൽ ഇതുവരെ മലയാളം ഭാഷയിലേക്ക് പൂർണ്ണമായി പരിഭാഷപ്പെടുത്തിയിട്ടില്ല. ഇനിയും പരിഭാഷപ്പെടുത്താത്തവ ഇംഗ്ലീഷിൽ കാണിക്കുന്നു.

ഇയ്യോബ് 28

ഈ അധ്യായം ഇതിൽ ഉൾപ്പെടുന്നു: Gesprekken met de vrienden

1വെള്ളിക്കു ഒരു ഉത്ഭവസ്ഥാനവും പൊന്നു ഊതിക്കഴിപ്പാൻ ഒരു സ്ഥലവും ഉണ്ടു. 2ഇരിമ്പു മണ്ണിൽനിന്നെടുക്കുന്നു; കല്ലുരുക്കി ചെമ്പെടുക്കുന്നു. 3മനുഷ്യൻ അന്ധകാരത്തിന്നു ഒരതിർ വെക്കുന്നു; കൂരിരുളിലെയും അന്ധതമസ്സിലെയും കല്ലിനെ അങ്ങേയറ്റംവരെ ശോധന ചെയ്യുന്നു. 4പാൎപ്പുള്ളേടത്തുനിന്നു ദൂരെ അവർ കുഴികുത്തുന്നു; കടന്നുപോകുന്ന കാലിന്നു അവർ മറന്നു പോയവർ തന്നേ; മനുഷ്യൎക്കു അകലെ അവർ തൂങ്ങി ആടുന്നു. 5ഭൂമിയിൽനിന്നു ആഹാരം ഉണ്ടാകുന്നു; അതിന്റെ അധോഭാഗം തീകൊണ്ടെന്നപോലെ മറിയുന്നു. 6അതിലെ പാറകൾ നീലരത്നത്തിന്റെ ഉല്പത്തിസ്ഥാനം; കനകപ്പൊടിയും അതിൽ ഉണ്ടു. 7അതിന്റെ പാത കഴുകൻ അറിയുന്നില്ല; പരുന്തിന്റെ കണ്ണു അതിനെ കണ്ടിട്ടില്ല. 8പുളെച്ച കാട്ടുമൃഗങ്ങൾ അതിൽ ചവിട്ടീട്ടില്ല; ഘോരസിംഹം അതിലെ നടന്നിട്ടുമില്ല. 9അവർ തീക്കൽപാറയിലേക്കു കൈനീട്ടുന്നു; പൎവ്വതങ്ങളെ അവർ വേരോടെ മറിച്ചുകളയുന്നു. 10അവർ പാറകളുടെ ഇടയിൽകൂടി നടകളെ വെട്ടുന്നു; അവരുടെ കണ്ണു വിലയേറിയ വസ്തുക്കളെയൊക്കെയും കാണുന്നു. 11അവർ നീരൊഴുക്കുകളെ ചോരാതവണ്ണം അടെച്ചു നിൎത്തുന്നു; ഗുപ്തമായിരിക്കുന്നതു അവർ വെളിച്ചത്തു കൊണ്ടുവരുന്നു. 12എന്നാൽ ജ്ഞാനം എവിടെ കണ്ടുകിട്ടും? വിവേകത്തിന്റെ ഉത്ഭവസ്ഥാനം എവിടെ? 13അതിന്റെ വില മനുഷ്യൻ അറിയുന്നില്ല; ജീവനുള്ളവരുടെ ദേശത്തു അതിനെ കണ്ടെത്തുന്നില്ല. 14അതു എന്നിൽ ഇല്ല എന്നു ആഴി പറയുന്നു; അതു എന്റെ പക്കൽ ഇല്ല എന്നു സമുദ്രവും പറയുന്നു. 15തങ്കം കൊടുത്താൽ അതു കിട്ടുന്നതല്ല; അതിന്റെ വിലയായി വെള്ളി തൂക്കിക്കൊടുക്കാറുമില്ല. 16ഓഫീർപൊന്നോ വിലയേറിയ ഗോമേദകമോ നീലരത്നമോ ഒന്നും അതിന്നു ഈടാകുന്നതല്ല; 17സ്വൎണ്ണവും സ്ഫടികവും അതിനോടു ഒക്കുന്നില്ല; തങ്കം കൊണ്ടുള്ള പണ്ടങ്ങൾക്കു അതിനെ മാറിക്കൊടുപ്പാറില്ല. 18പവിഴത്തിന്റെയും പളുങ്കിന്റെയും പേർ മിണ്ടുകേ വേണ്ടാ; ജ്ഞാനത്തിന്റെ വില മുത്തുകളിലും കവിഞ്ഞതല്ലോ. 19കൂശിലെ പുഷ്പരാഗം അതിനോടു ഒക്കുന്നില്ല; തങ്കംകൊണ്ടു അതിന്റെ വില മതിക്കാകുന്നതുമല്ല. 20പിന്നെ ജ്ഞാനം എവിടെനിന്നു വരുന്നു? വിവേകത്തിന്റെ ഉത്ഭവസ്ഥാനം എവിടെ? 21അതു സകലജീവികളുടെയും കണ്ണുകൾക്കു മറഞ്ഞിരിക്കുന്നു; ആകാശത്തിലെ പക്ഷികൾക്കു അതു ഗുപ്തമായിരിക്കുന്നു. 22ഞങ്ങളുടെ ചെവികൊണ്ടു അതിന്റെ കേൾവി കേട്ടിട്ടുണ്ടു എന്നു നരകവും മരണവും പറയുന്നു. 23ദൈവം അതിന്റെ വഴി അറിയുന്നു; അതിന്റെ ഉത്ഭവസ്ഥാനം അവന്നു നിശ്ചയമുണ്ടു. 24അവൻ ഭൂമിയുടെ അറ്റങ്ങളോളവും നോക്കുന്നു; ആകാശത്തിന്റെ കീഴിലൊക്കെയും കാണുന്നു. 25അവൻ കാറ്റിനെ തൂക്കിനോക്കുകയും വെള്ളത്തിന്റെ അളവു നിശ്ചയിക്കയും ചെയ്യുന്നു. 26അവൻ മഴെക്കു ഒരു നിയമവും ഇടിമിന്നലിന്നു ഒരു വഴിയും ഉണ്ടാക്കിയപ്പോൾ 27അവൻ അതു കണ്ടു വൎണ്ണിക്കയും അതു സ്ഥാപിച്ചു പരിശോധിക്കയും ചെയ്തു. 28കൎത്താവിനോടുള്ള ഭക്തി തന്നേ ജ്ഞാനം; ദോഷം അകന്നു നടക്കുന്നതു തന്നേ വിവേകം എന്നു അവൻ മനുഷ്യനോടു അരുളിച്ചെയ്തു.

വാക്യനമ്പറുകൾ തിരഞ്ഞെടുത്ത പരിഭാഷയെ പിന്തുടരുന്നു; ചില അധ്യായങ്ങളിൽ ഒരു വാക്യത്തിന്റെ വ്യത്യാസം ഉണ്ടാകാം.

വായനാസൗകര്യം

നിങ്ങളെ സഹായിക്കുന്നത് തിരഞ്ഞെടുക്കുക. നിങ്ങളുടെ തിരഞ്ഞെടുപ്പ് ഈ ഉപകരണത്തിൽ സൂക്ഷിക്കപ്പെടും.

അക്ഷരവലുപ്പം

നിങ്ങളുടെ ഉപകരണത്തിന്റെ സ്വന്തം ക്രമീകരണങ്ങളാണോ ഇഷ്ടം (സൂം, സ്ക്രീൻ റീഡർ, ഡാർക്ക് മോഡ്)? അവയും ഇവിടെ പ്രവർത്തിക്കും.