ഉള്ളടക്കത്തിലേക്ക് പോകുക
ബീറ്റ

നൂൽ ഇതുവരെ മലയാളം ഭാഷയിലേക്ക് പൂർണ്ണമായി പരിഭാഷപ്പെടുത്തിയിട്ടില്ല. ഇനിയും പരിഭാഷപ്പെടുത്താത്തവ ഇംഗ്ലീഷിൽ കാണിക്കുന്നു.

സദൃശവാക്യങ്ങൾ 11

ഈ അധ്യായം ഇതിൽ ഉൾപ്പെടുന്നു: Spreuken van Salomo

1കള്ളത്തുലാസ്സു യഹോവെക്കു വെറുപ്പു; ഒത്ത പടിയോ അവന്നു പ്രസാദം. 2അഹങ്കാരം വരുമ്പോൾ ലജ്ജയും വരുന്നു; താഴ്മയുള്ളവരുടെ പക്കലോ ജ്ഞാനമുണ്ടു. 3നേരുള്ളവരുടെ നിഷ്കളങ്കത്വം അവരെ വഴിനടത്തും; ദ്രോഹികളുടെ വികടമോ അവരെ നശിപ്പിക്കും. 4ക്രോധദിവസത്തിൽ സമ്പത്തു ഉപകരിക്കുന്നില്ല; നീതിയോ മരണത്തിൽനിന്നു വിടുവിക്കുന്നു. 5നിഷ്കളങ്കന്റെ നീതി അവന്റെ വഴിയെ ചൊവ്വാക്കും; ദുഷ്ടനോ തന്റെ ദുഷ്ടതകൊണ്ടു വീണു പോകും. 6നേരുള്ളവരുടെ നീതി അവരെ വിടുവിക്കും; ദ്രോഹികളോ തങ്ങളുടെ ദ്രോഹത്താൽ പിടിപെടും. 7ദുഷ്ടൻ മരിക്കുമ്പോൾ അവന്റെ പ്രതീക്ഷ നശിക്കുന്നു; നീതികെട്ടവരുടെ ആശെക്കു ഭംഗം വരുന്നു. 8നീതിമാൻ കഷ്ടത്തിൽനിന്നു രക്ഷപ്പെടുന്നു; ദുഷ്ടൻ അവന്നു പകരം അകപ്പെടുന്നു. 9വഷളൻ വായ്കൊണ്ടു കൂട്ടുകാരനെ നശിപ്പിക്കുന്നു; നീതിമാന്മാരോ പരിജ്ഞാനത്താൽ വിടുവിക്കപ്പെടുന്നു. 10നീതിമാന്മാർ ശുഭമായിരിക്കുമ്പോൾ പട്ടണം സന്തോഷിക്കുന്നു; ദുഷ്ടന്മാർ നശിക്കുമ്പോൾ ആൎപ്പുവിളി ഉണ്ടാകുന്നു. 11നേരുള്ളവരുടെ അനുഗ്രഹംകൊണ്ടു പട്ടണം അഭ്യുദയം പ്രാപിക്കുന്നു; ദുഷ്ടന്മാരുടെ വായ്കൊണ്ടോ അതു ഇടിഞ്ഞുപോകുന്നു. 12കൂട്ടുകാരനെ നിന്ദിക്കുന്നവൻ ബുദ്ധിഹീനൻ; വിവേകമുള്ളവനോ മിണ്ടാതിരിക്കുന്നു. 13ഏഷണിക്കാരനായി നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു; വിശ്വസ്തമാനസനോ കാൎയ്യം മറെച്ചുവെക്കുന്നു. 14പരിപാലനം ഇല്ലാത്തേടത്തു ജനം അധോഗതി പ്രാപിക്കുന്നു; മന്ത്രിമാരുടെ ബഹുത്വത്തിലോ രക്ഷയുണ്ടു. 15അന്യന്നുവേണ്ടി ജാമ്യം നില്ക്കുന്നവൻ അത്യന്തം വ്യസനിക്കും! ജാമ്യം നില്പാൻ പോകാത്തവനോ നിൎഭയനായിരിക്കും. 16ലാവണ്യമുള്ള സ്ത്രീ മാനം രക്ഷിക്കുന്നു; വിക്രമന്മാർ സമ്പത്തു സൂക്ഷിക്കുന്നു. 17ദയാലുവായവൻ സ്വന്തപ്രാണന്നു നന്മ ചെയ്യുന്നു; ക്രൂരനോ സ്വന്തജഡത്തെ ഉപദ്രവിക്കുന്നു. 18ദുഷ്ടൻ വൃഥാലാഭം ഉണ്ടാക്കുന്നു; നീതി വിതെക്കുന്നവനോ വാസ്തവമായ പ്രതിഫലം കിട്ടും. 19നീതിയിൽ സ്ഥിരപ്പെട്ടിരിക്കുന്നവൻ ജീവനെ പ്രാപിക്കുന്നു; ദോഷത്തെ പിന്തുടരുന്നവനോ തന്റെ മരണത്തിന്നായി പ്രവൎത്തിക്കുന്നു. 20വക്രബുദ്ധികൾ യഹോവെക്കു വെറുപ്പു; നിഷ്കളങ്കമാൎഗ്ഗികളോ അവന്നു പ്രസാദം. 21ദുഷ്ടന്നു ശിക്ഷ വരാതിരിക്കയില്ല എന്നതിന്നു ഞാൻ കയ്യടിക്കാം; നീതിമാന്മാരുടെ സന്തതിയോ രക്ഷിക്കപ്പെടും. 22വിവേകമില്ലാത്ത ഒരു സുന്ദരി പന്നിയുടെ മൂക്കിൽ പൊൻമൂക്കുത്തിപോലെ. 23നീതിമാന്മാരുടെ ആഗ്രഹം നന്മ തന്നേ; ദുഷ്ടന്മാരുടെ പ്രതീക്ഷയോ ക്രോധമത്രേ. 24ഒരുത്തൻ വാരിവിതറീട്ടും വൎദ്ധിച്ചുവരുന്നു; മറ്റൊരുത്തൻ ന്യായവിരുദ്ധമായി ലോഭിച്ചിട്ടും ഞെരുക്കമേയുള്ളു. 25ഔദാൎയ്യമാനസൻ പുഷ്ടി പ്രാപിക്കും; തണുപ്പിക്കുന്നവന്നു തണുപ്പു കിട്ടും. 26ധാന്യം പൂട്ടിയിട്ടുകൊണ്ടിരിക്കുന്നവനെ ജനങ്ങൾ ശപിക്കും; അതു വില്ക്കുന്നവന്റെ തലമേലോ അനുഗ്രഹംവരും. 27നന്മെക്കായി ഉത്സാഹിക്കുന്നവൻ രഞ്ജന സമ്പാദിക്കുന്നു; തിന്മയെ തിരയുന്നവന്നോ അതു തന്നേ കിട്ടും. 28തന്റെ സമ്പത്തിൽ ആശ്രയിക്കുന്നവൻ വീഴും; നീതിമാന്മാരോ പച്ചയിലപോലെ തഴെക്കും. 29സ്വഭവനത്തെ വലെക്കുന്നവന്റെ അനുഭവം വായുവത്രെ; ഭോഷൻ ജ്ഞാനഹൃദയന്നു ദാസനായ്തീരും. 30നീതിമാന്നു ജീവവൃക്ഷം പ്രതിഫലം; ജ്ഞാനിയായവൻ ഹൃദയങ്ങളെ നേടുന്നു. 31നീതിമാന്നു ഭൂമിയിൽ പ്രതിഫലം കിട്ടുന്നു എങ്കിൽ ദുഷ്ടന്നും പാപിക്കും എത്ര അധികം?

വാക്യനമ്പറുകൾ തിരഞ്ഞെടുത്ത പരിഭാഷയെ പിന്തുടരുന്നു; ചില അധ്യായങ്ങളിൽ ഒരു വാക്യത്തിന്റെ വ്യത്യാസം ഉണ്ടാകാം.

വായനാസൗകര്യം

നിങ്ങളെ സഹായിക്കുന്നത് തിരഞ്ഞെടുക്കുക. നിങ്ങളുടെ തിരഞ്ഞെടുപ്പ് ഈ ഉപകരണത്തിൽ സൂക്ഷിക്കപ്പെടും.

അക്ഷരവലുപ്പം

നിങ്ങളുടെ ഉപകരണത്തിന്റെ സ്വന്തം ക്രമീകരണങ്ങളാണോ ഇഷ്ടം (സൂം, സ്ക്രീൻ റീഡർ, ഡാർക്ക് മോഡ്)? അവയും ഇവിടെ പ്രവർത്തിക്കും.