ഉള്ളടക്കത്തിലേക്ക് പോകുക
ബീറ്റ

നൂൽ ഇതുവരെ മലയാളം ഭാഷയിലേക്ക് പൂർണ്ണമായി പരിഭാഷപ്പെടുത്തിയിട്ടില്ല. ഇനിയും പരിഭാഷപ്പെടുത്താത്തവ ഇംഗ്ലീഷിൽ കാണിക്കുന്നു.

യിരെമ്യാവ് 39

ഈ അധ്യായം ഇതിൽ ഉൾപ്പെടുന്നു: De val van Jeruzalem

1യെഹൂദാരാജാവായ സിദെക്കീയാവിന്റെ ഒമ്പതാം ആണ്ടിൽ പത്താം മാസത്തിൽ ബാബേൽരാജാവായ നെബൂഖദ്നേസരും അവന്റെ സകലസൈന്യവും യെരൂശലേമിന്റെ നേരെ വന്നു അതിനെ നിരോധിച്ചു. 2സിദെക്കീയാവിന്റെ പതിനൊന്നാം ആണ്ടിൽ നാലാം മാസം ഒമ്പതാം തിയ്യതി നഗരത്തിന്റെ മതിൽ ഒരിടം ഇടിച്ചുതുറന്നു. 3ബാബേൽരാജാവിന്റെ സകലപ്രഭുക്കന്മാരുമായ നേർഗ്ഗൽ-ശരേസരും സംഗർ-നെബോവും സർ-സെഖീമും രബ്-സാരീസും നേർഗ്ഗൽ-ശരേസരും രബ്-മാഗും ബാബേൽരാജാവിന്റെ ശേഷം പ്രഭുക്കന്മാരൊക്കെയും അകത്തു കടന്നു നടുവിലത്തെ വാതില്ക്കൽ ഇരുന്നു. 4യെഹൂദാരാജാവായ സിദെക്കീയാവും എല്ലാ പടയാളികളും അവരെ കണ്ടപ്പോൾ ഓടിപ്പോയി; അവർ രാത്രിയിൽ രാജാവിന്റെ തോട്ടം വഴിയായി രണ്ടു മതിലുകൾക്കും നടുവിലുള്ള വാതില്ക്കൽകൂടി നഗരത്തിൽനിന്നു പുറപ്പെട്ടു അരാബവഴിക്കു പോയി. 5കല്ദയരുടെ സൈന്യം അവരെ പിന്തുടൎന്നു, യെരീഹോ സമഭൂമിയിൽവെച്ചു സിദെക്കീയാവോടൊപ്പം എത്തി അവനെ പിടിച്ചു, ഹമാത്ത് ദേശത്തിലെ രിബ്ളയിൽ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ അടുക്കൽ കൊണ്ടുചെന്നു; അവൻ അവന്നു വിധി കല്പിച്ചു. 6ബാബേൽരാജാവു രിബ്ളയിൽവെച്ചു സിദെക്കീയാവിന്റെ പുത്രന്മാരെ അവൻ കാൺകെ കൊന്നു; യെഹൂദാകുലീനന്മാരെ ഒക്കെയും ബാബേൽരാജാവു കൊന്നുകളഞ്ഞു. 7അവൻ സിദെക്കീയാവിന്റെ കണ്ണു പൊട്ടിച്ചു, അവനെ ബാബേലിലേക്കു കൊണ്ടുപോകേണ്ടതിന്നു ചങ്ങലയിട്ടു ബന്ധിച്ചു. 8കല്ദയർ രാജഗൃഹത്തെയും ജനത്തിന്റെ വീടുകളെയും തീ വെച്ചു ചുട്ടു, യെരൂശലേമിന്റെ മതിലുകളെ ഇടിച്ചുകളഞ്ഞു. 9നഗരത്തിൽ ശേഷിച്ച ജനത്തെയും തന്റെ പക്ഷം ചേരുവാൻ ഓടിവന്നവരെയും ശേഷിച്ചിരുന്ന ജനശിഷ്ടത്തെയും അകമ്പടിനായകനായ നെബൂസർ-അദാൻ ബാബേലിലേക്കു പിടിച്ചു കൊണ്ടുപോയി. 10ജനത്തിൽ ഒന്നുമില്ലാത്ത എളിയവരെ അകമ്പടി നായകനായ നെബൂസർ-അദാൻ യെഹൂദാദേശത്തു പാൎപ്പിച്ചു, അവൎക്കു അന്നു മുന്തിരിത്തോട്ടങ്ങളും നിലങ്ങളും കൊടുത്തു. 11യിരെമ്യാവെക്കുറിച്ചു ബാബേൽരാജാവായ നെബൂഖദ്നേസർ അകമ്പടിനായകനായ നെബൂസർ-അദാനോടു: 12നീ അവനെ വരുത്തി, അവന്റെമേൽ ദൃഷ്ടിവെച്ചു, അവനോടു ഒരു ദോഷവും ചെയ്യാതെ അവൻ നിന്നോടു ആവശ്യപ്പെടുന്നതൊക്കെയും ചെയ്തുകൊടുക്ക എന്നു കല്പിച്ചിരുന്നു. 13അങ്ങനെ അകമ്പടിനായകനായ നെബൂസർ-അദാനും നെബൂശസ്ബാനും രബ്-സാരീസും നേർഗ്ഗൽ-ശരേസരും രബ്-മാഗും ബാബേൽരാജാവിന്റെ സകലപ്രഭുക്കന്മാരുംകൂടെ ആളയച്ചു, 14യിരെമ്യാവെ കാവൽപുരമുറ്റത്തുനിന്നു വരുത്തി അവനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകേണ്ടതിന്നു ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവെ ഏല്പിച്ചു; അങ്ങനെ അവൻ ജനത്തിന്റെ ഇടയിൽ പാൎത്തു. 15യിരെമ്യാവു കാവൽപുരമുറ്റത്തു അടെക്കപ്പെട്ടിരുന്ന കാലത്തു യഹോവയുടെ അരുളപ്പാടു അവന്നുണ്ടായതെന്തെന്നാൽ: 16നീ ചെന്നു കൂശ്യനായ ഏബെദ്-മേലെക്കിനോടു പറയേണ്ടതു: യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ എന്റെ വചനങ്ങളെ ഈ നഗരത്തിന്മേൽ നന്മെക്കല്ല, തിന്മെക്കത്രേ നിവൃത്തിക്കും; അന്നു നീ കാൺകെ അവ നിവൃത്തിയാകും. 17അന്നു ഞാൻ നിന്നെ വിടുവിക്കും; നീ ഭയപ്പെടുന്ന മനുഷ്യരുടെ കയ്യിൽ നീ ഏല്പിക്കപ്പെടുകയുമില്ല എന്നു യഹോവയുടെ അരുളപ്പാടു. 18ഞാൻ നിന്നെ വിടുവിക്കും; നീ വാളാൽ വീഴുകയില്ല; നിന്റെ ജീവൻ നിനക്കു കൊള്ള കിട്ടിയതുപോലെ ഇരിക്കും; നീ എന്നിൽ ആശ്രയിച്ചിരിക്കുന്നുവല്ലോ എന്നു യഹോവയുടെ അരുളപ്പാടു.

വാക്യനമ്പറുകൾ തിരഞ്ഞെടുത്ത പരിഭാഷയെ പിന്തുടരുന്നു; ചില അധ്യായങ്ങളിൽ ഒരു വാക്യത്തിന്റെ വ്യത്യാസം ഉണ്ടാകാം.

വായനാസൗകര്യം

നിങ്ങളെ സഹായിക്കുന്നത് തിരഞ്ഞെടുക്കുക. നിങ്ങളുടെ തിരഞ്ഞെടുപ്പ് ഈ ഉപകരണത്തിൽ സൂക്ഷിക്കപ്പെടും.

അക്ഷരവലുപ്പം

നിങ്ങളുടെ ഉപകരണത്തിന്റെ സ്വന്തം ക്രമീകരണങ്ങളാണോ ഇഷ്ടം (സൂം, സ്ക്രീൻ റീഡർ, ഡാർക്ക് മോഡ്)? അവയും ഇവിടെ പ്രവർത്തിക്കും.