ഉള്ളടക്കത്തിലേക്ക് പോകുക
ബീറ്റ
പ്രദർശനം

നൂൽ ഇതുവരെ മലയാളം ഭാഷയിലേക്ക് പൂർണ്ണമായി പരിഭാഷപ്പെടുത്തിയിട്ടില്ല. ഇനിയും പരിഭാഷപ്പെടുത്താത്തവ ഇംഗ്ലീഷിൽ കാണിക്കുന്നു.

ഹോശേയ 11

ഈ അധ്യായം ഇതിൽ ഉൾപ്പെടുന്നു: Aanklacht en liefde

1യിസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു; മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചു. 2അവരെ വിളിക്കുന്തോറും അവർ വിട്ടകന്നുപോയി; ബാൽബിംബങ്ങൾക്കു അവർ ബലികഴിച്ചു, വിഗ്രഹങ്ങൾക്കു ധൂപം കാട്ടി. 3ഞാൻ എഫ്രയീമിനെ നടപ്പാൻ ശീലിപ്പിച്ചു; ഞാൻ അവരെ എന്റെ ഭുജങ്ങളിൽ എടുത്തു; എങ്കിലും ഞാൻ അവരെ സൌഖ്യമാക്കി എന്നു അവർ അറിഞ്ഞില്ല. 4മനുഷ്യപാശങ്ങൾകൊണ്ടു, സ്നേഹബന്ധനങ്ങൾകൊണ്ടു തന്നേ, ഞാൻ അവരെ വലിച്ചു; അവരുടെ താടിയെല്ലിന്മേലുള്ള നുകം നീക്കിക്കളയുന്നവനെപ്പോലെ ഞാൻ അവൎക്കു ആയിരുന്നു; ഞാൻ അവൎക്കു തീൻ ഇട്ടുകൊടുത്തു. 5അവൻ മിസ്രയീംദേശത്തേക്കു മടങ്ങിപ്പോകയില്ല; എന്നാൽ മടങ്ങിവരുവാൻ അവൎക്കു മനസ്സില്ലായ്കകൊണ്ടു അശ്ശൂൎയ്യൻ അവന്റെ രാജാവാകും. 6അവരുടെ ആലോചനനിമിത്തം വാൾ അവന്റെ പട്ടണങ്ങളിന്മേൽ വീണു അവന്റെ ഓടാമ്പലുകളെ നശിപ്പിച്ചു ഒടുക്കിക്കളയും. 7എന്റെ ജനം എന്നെ വിട്ടു പിന്തിരിവാൻ ഒരുങ്ങിയിരിക്കുന്നു; അവരെ മേലോട്ടു വിളിച്ചാലും ആരും നിവിൎന്നുനില്ക്കുന്നില്ല. 8എഫ്രയീമേ, ഞാൻ നിന്നെ എങ്ങനെ വിട്ടുകൊടുക്കും? യിസ്രായേലേ, ഞാൻ നിന്നെ എങ്ങനെ ഏല്പിച്ചുകൊടുക്കും? ഞാൻ നിന്നെ എങ്ങനെ അദ്മയെപ്പോലെ ആക്കും? ഞാൻ നിന്നെ എങ്ങനെ സെബോയിമിനെപ്പോലെ ആക്കിത്തീൎക്കും? എന്റെ ഹൃദയം എന്റെ ഉള്ളിൽ മറിഞ്ഞുകൊള്ളുന്നു; എന്റെ അയ്യോഭാവം ഒക്കെയും ജ്വലിക്കുന്നു. 9എന്റെ ഉഗ്രകോപം ഞാൻ നടത്തുകയില്ല; ഞാൻ എഫ്രയീമിനെ വീണ്ടും നശിപ്പിക്കയുമില്ല; ഞാൻ മനുഷ്യനല്ല ദൈവം അത്രേ. നിന്റെ നടുവിൽ പരിശുദ്ധൻ തന്നേ; ഞാൻ ക്രോധത്തോടെ വരികയുമില്ല. 10സിംഹംപോലെ ഗൎജ്ജിക്കുന്ന യഹോവയുടെ പിന്നാലെ അവർ നടക്കും; അവൻ ഗൎജ്ജിക്കുമ്പോൾ പടിഞ്ഞാറുനിന്നു മക്കൾ വിറെച്ചുംകൊണ്ടു വരും. 11അവർ മിസ്രയീമിൽനിന്നു ഒരു പക്ഷിയെപ്പോലെയും അശ്ശൂർദേശത്തുനിന്നു ഒരു പ്രാവിനെപ്പോലെയും വിറെച്ചുംകൊണ്ടു വരും; ഞാൻ അവരെ അവരുടെ വീടുകളിൽ പാൎപ്പിക്കും എന്നു യഹോവയുടെ അരുളപ്പാടു. 12എഫ്രയീം കപടംകൊണ്ടും യിസ്രായേൽഗൃഹം വഞ്ചനകൊണ്ടും എന്നെ ചുറ്റിക്കൊള്ളുന്നു; യെഹൂദയും, ദൈവത്തോടും വിശ്വസ്തനായ പരിശുദ്ധനോടും ഇന്നും അസ്ഥിരത കാണിക്കുന്നു.

വാക്യനമ്പറുകൾ തിരഞ്ഞെടുത്ത പരിഭാഷയെ പിന്തുടരുന്നു; ചില അധ്യായങ്ങളിൽ ഒരു വാക്യത്തിന്റെ വ്യത്യാസം ഉണ്ടാകാം.

വായനാസൗകര്യം

നിങ്ങളെ സഹായിക്കുന്നത് തിരഞ്ഞെടുക്കുക. നിങ്ങളുടെ തിരഞ്ഞെടുപ്പ് ഈ ഉപകരണത്തിൽ സൂക്ഷിക്കപ്പെടും.

അക്ഷരവലുപ്പം

നിങ്ങളുടെ ഉപകരണത്തിന്റെ സ്വന്തം ക്രമീകരണങ്ങളാണോ ഇഷ്ടം (സൂം, സ്ക്രീൻ റീഡർ, ഡാർക്ക് മോഡ്)? അവയും ഇവിടെ പ്രവർത്തിക്കും.