ഉള്ളടക്കത്തിലേക്ക് പോകുക
ബീറ്റ

നൂൽ ഇതുവരെ മലയാളം ഭാഷയിലേക്ക് പൂർണ്ണമായി പരിഭാഷപ്പെടുത്തിയിട്ടില്ല. ഇനിയും പരിഭാഷപ്പെടുത്താത്തവ ഇംഗ്ലീഷിൽ കാണിക്കുന്നു.

പുറപ്പാട് 5

ഈ അധ്യായം ഇതിൽ ഉൾപ്പെടുന്നു: Slavernij en bevrijding

1അതിന്റെശേഷം മോശെയും അഹരോനും ചെന്നു ഫറവോനോടു: മരുഭൂമിയിൽ എനിക്കു ഉത്സവം കഴിക്കേണ്ടതിന്നു എന്റെ ജനത്തെ വിട്ടയക്കേണം എന്നിപ്രകാരം യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു എന്നു പറഞ്ഞു. 2അതിന്നു ഫറവോൻ: യിസ്രായേലിനെ വിട്ടയപ്പാൻ തക്കവണ്ണം ഞാൻ യഹോവയുടെ വാക്കു കേൾക്കേണ്ടതിന്നു അവൻ ആർ? ഞാൻ യഹോവയെ അറികയില്ല; ഞാൻ യിസ്രായേലിനെ വിട്ടയക്കയുമില്ല എന്നു പറഞ്ഞു. 3അതിന്നു അവർ: എബ്രായരുടെ ദൈവം ഞങ്ങൾക്കു പ്രത്യക്ഷനായ്‌വന്നിരിക്കുന്നു; അവൻ മഹാമാരിയാലോ വാളാലോ ഞങ്ങളെ ദണ്ഡിപ്പിക്കാതിരിക്കേണ്ടതിന്നു ഞങ്ങൾ മൂന്നു ദിവസത്തെ വഴി മരുഭൂമിയിൽ പോയി, ഞങ്ങളുടെ ദൈവമായ യഹോവെക്കു യാഗം കഴിക്കട്ടെ എന്നു പറഞ്ഞു. 4മിസ്രയീംരാജാവു അവരോടു: മോശേ, അഹരോനേ, നിങ്ങൾ ജനങ്ങളെ വേല മിനക്കെടുത്തുന്നതു എന്തു? നിങ്ങളുടെ ഊഴിയവേലെക്കു പോകുവിൻ എന്നു പറഞ്ഞു. 5ദേശത്തു ജനം ഇപ്പോൾ വളരെ ആകുന്നു; നിങ്ങൾ അവരെ അവരുടെ ഊഴിയവേല മിനക്കെടുത്തുന്നു എന്നും ഫറവോൻ പറഞ്ഞു. 6അന്നു ഫറവോൻ ജനത്തിന്റെ ഊഴിയവിചാരകന്മാരോടും പ്രമാണികളോടും കല്പിച്ചതു എന്തെന്നാൽ: 7ഇഷ്ടിക ഉണ്ടാക്കുവാൻ ജനത്തിന്നു മുമ്പിലത്തെപ്പോലെ ഇനി വൈക്കോൽ കൊടുക്കരുതു; അവർ തന്നേ പോയി വൈക്കോൽ ശേഖരിക്കട്ടെ. 8എങ്കിലും ഇഷ്ടികയുടെ കണക്കു മുമ്പിലത്തെപ്പോലെ തന്നേ അവരുടെ മേൽ ചുമത്തേണം; ഒട്ടും കുറെക്കരുതു. അവർ മടിയന്മാർ; അതുകൊണ്ടാകുന്നു: ഞങ്ങൾ പോയി ഞങ്ങളുടെ ദൈവത്തിന്നു യാഗം കഴിക്കട്ടെ എന്നു നിലവിളിക്കുന്നതു. 9അവരുടെ വേല അതിഭാരമായിരിക്കട്ടെ; അവർ അതിൽ കഷ്ടപ്പെടട്ടെ; 10അവരുടെ വ്യാജവാക്കുകൾ കേൾക്കരുതു. അങ്ങനെ ജനത്തിന്റെ ഊഴിയവിചാരകന്മാരും പ്രമാണികളും ചെന്നു ജനത്തോടു: നിങ്ങൾക്കു വൈക്കോൽ തരികയില്ല; 11നിങ്ങൾ തന്നേ പോയി കിട്ടുന്നേടത്തുനിന്നു വൈക്കോൽ ശേഖരിപ്പിൻ; എങ്കിലും നിങ്ങളുടെ വേലയിൽ ഒട്ടും കുറെക്കയില്ല എന്നു ഫറവോൻ കല്പിക്കുന്നു എന്നു പറഞ്ഞു. 12അങ്ങനെ ജനം വൈക്കോലിന്നു പകരം താളടി ശേഖരിപ്പാൻ മിസ്രയീംദേശത്തു എല്ലാടവും ചിതറി നടന്നു. 13ഊഴിയവിചാരകന്മാർ അവരെ ഹേമിച്ചു: വൈക്കോൽ കിട്ടിവന്നപ്പോൾ ഉള്ളതിന്നു ശരിയായി നിങ്ങളുടെ നിത്യവേല ദിവസവും തികെക്കേണം എന്നു പറഞ്ഞു. 14ഫറവോന്റെ ഊഴിയവിചാരകന്മാർ യിസ്രായേൽ മക്കളുടെ മേൽ ആക്കിയിരുന്ന പ്രമാണികളെ അടിച്ചു: നിങ്ങൾ ഇന്നലെയും ഇന്നും മുമ്പിലത്തെപ്പോലെ ഇഷ്ടിക തികെക്കാഞ്ഞതു എന്തു എന്നു ചോദിച്ചു. 15അതുകൊണ്ടു യിസ്രായേൽമക്കളുടെ പ്രമാണികൾ ചെന്നു ഫറവോനോടു നിലവിളിച്ചു; അടിയങ്ങളോടു ഇങ്ങനെ ചെയ്യുന്നതു എന്തു? 16അടിയങ്ങൾക്കു വൈക്കോൽ തരാതെ ഇഷ്ടിക ഉണ്ടാക്കുവിൻ എന്നു അവർ പറയുന്നു; അടിയങ്ങളെ തല്ലുന്നു; അതു നിന്റെ ജനത്തിന്നു പാപമാകുന്നു എന്നു പറഞ്ഞു. 17അതിന്നു അവൻ: മടിയന്മാരാകുന്നു നിങ്ങൾ, മടിയന്മാർ; അതുകൊണ്ടു: ഞങ്ങൾ പോയി യഹോവെക്കു യാഗം കഴിക്കട്ടെ എന്നു നിങ്ങൾ പറയുന്നു. 18പോയി വേല ചെയ്‌വിൻ; വൈക്കോൽ തരികയില്ല, ഇഷ്ടിക കണക്കുപോലെ ഏല്പിക്കേണം താനും എന്നു കല്പിച്ചു. 19ദിവസംതോറുമുള്ള ഇഷ്ടികക്കണക്കിൽ ഒന്നും കുറെക്കരുതു എന്നു കല്പിച്ചപ്പോൾ തങ്ങൾ വിഷമത്തിലായി എന്നു യിസ്രായേൽമക്കളുടെ പ്രമാണികൾ കണ്ടു. 20അവർ ഫറവോനെ വിട്ടു പുറപ്പെടുമ്പോൾ മോശെയും അഹരോനും വഴിയിൽ നില്ക്കുന്നതു കണ്ടു, 21അവരോടു: നിങ്ങൾ ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ ഞങ്ങളെ നാറ്റി, ഞങ്ങളെ കൊല്ലുവാൻ അവരുടെ കയ്യിൽ വാൾ കൊടുത്തതുകൊണ്ടു യഹോവ നിങ്ങളെ നോക്കി ന്യായം വിധിക്കട്ടെ എന്നു പറഞ്ഞു. 22അപ്പോൾ മോശെ യഹോവയുടെ അടുക്കൽ ചെന്നു: കൎത്താവേ, നീ ഈ ജനത്തിന്നു ദോഷം വരുത്തിയതു എന്തു? നീ എന്നെ അയച്ചതു എന്തിന്നു? 23ഞാൻ നിന്റെ നാമത്തിൽ സംസാരിപ്പാൻ ഫറവോന്റെ അടുക്കൽ ചെന്നതു മുതൽ അവൻ ഈ ജനത്തോടു ദോഷം ചെയ്തിരിക്കുന്നു; നിന്റെ ജനത്തെ നീ വിടുവിച്ചതുമില്ല എന്നു പറഞ്ഞു.

വാക്യനമ്പറുകൾ തിരഞ്ഞെടുത്ത പരിഭാഷയെ പിന്തുടരുന്നു; ചില അധ്യായങ്ങളിൽ ഒരു വാക്യത്തിന്റെ വ്യത്യാസം ഉണ്ടാകാം.

വായനാസൗകര്യം

നിങ്ങളെ സഹായിക്കുന്നത് തിരഞ്ഞെടുക്കുക. നിങ്ങളുടെ തിരഞ്ഞെടുപ്പ് ഈ ഉപകരണത്തിൽ സൂക്ഷിക്കപ്പെടും.

അക്ഷരവലുപ്പം

നിങ്ങളുടെ ഉപകരണത്തിന്റെ സ്വന്തം ക്രമീകരണങ്ങളാണോ ഇഷ്ടം (സൂം, സ്ക്രീൻ റീഡർ, ഡാർക്ക് മോഡ്)? അവയും ഇവിടെ പ്രവർത്തിക്കും.