ഉള്ളടക്കത്തിലേക്ക് പോകുക
ബീറ്റ

നൂൽ ഇതുവരെ മലയാളം ഭാഷയിലേക്ക് പൂർണ്ണമായി പരിഭാഷപ്പെടുത്തിയിട്ടില്ല. ഇനിയും പരിഭാഷപ്പെടുത്താത്തവ ഇംഗ്ലീഷിൽ കാണിക്കുന്നു.

1 ശമൂവേൽ 11

ഈ അധ്യായം ഇതിൽ ഉൾപ്പെടുന്നു: Saul koning

1അനന്തരം അമ്മോന്യനായ നാഹാശ് പുറപ്പെട്ടുവന്നു ഗിലെയാദിലെ യാബേശിന്നു നേരെ പാളയം ഇറങ്ങി; യാബേശ് നിവാസികൾ ഒക്കെയും നാഹാശിനോടു: ഞങ്ങളോടു ഒരു ഉടമ്പടി ചെയ്യേണം; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കാം എന്നു പറഞ്ഞു. 2അമ്മോന്യനായ നാഹാശ് അവരോടു: നിങ്ങളുടെ വലങ്കണ്ണൊക്കെയും ചുഴന്നെടുക്കയും എല്ലായിസ്രായേലിന്മേലും ഈ നിന്ദ വരുത്തുകയും ചെയ്യും എന്നുള്ള സമ്മതത്തിന്മേൽ ഞാൻ നിങ്ങളോടു ഉടമ്പടി ചെയ്യാം എന്നു പറഞ്ഞു. 3യാബേശിലെ മൂപ്പന്മാർ അവനോടു: ഞങ്ങൾ യിസ്രായേൽദേശത്തെല്ലാടവും ദൂതന്മാരെ അയപ്പാൻതക്കവണ്ണം ഞങ്ങൾക്കു ഏഴു ദിവസത്തെ ഇട തരേണം; ഞങ്ങളെ രക്ഷിപ്പാൻ ആരുമില്ലെങ്കിൽ ഞങ്ങൾ നിന്റെ അടുക്കൽ ഇറങ്ങിവരാം എന്നു പറഞ്ഞു. 4ദൂതന്മാർ ശൌലിന്റെ ഗിബെയയിൽ ചെന്നു ആ വൎത്തമാനം ജനത്തെ പറഞ്ഞു കേൾപ്പിച്ചു; ജനമെല്ലാം ഉറക്കെ കരഞ്ഞു. 5അപ്പോൾ ഇതാ, ശൌൽ കന്നുകാലികളെയും കൊണ്ടു വയലിൽനിന്നു വരുന്നു. ജനം കരയുന്ന സംഗതി എന്തു എന്നു ശൌൽ ചോദിച്ചു. അവർ യാബേശ്യരുടെ വൎത്തമാനം അവനെ അറിയിച്ചു. 6ശൌൽ വൎത്തമാനം കേട്ടപ്പോൾ ദൈവത്തിന്റെ ആത്മാവു അവന്റെമേൽ ശക്തിയോടെ വന്നു; അവന്റെ കോപം ഏറ്റവും ജ്വലിച്ചു. 7അവൻ ഒരേർ കാളയെ പിടിച്ചു കഷണംകഷണമായി ഖണ്ഡിച്ചു ദൂതന്മാരുടെ കയ്യിൽ യിസ്രായേൽദേശത്തെല്ലാടവും കൊടുത്തയച്ചു: ആരെങ്കിലും ശൌലിന്റെയും ശമൂവേലിന്റെയും പിന്നാലെ പുറപ്പെട്ടുവരാതിരുന്നാൽ അവന്റെ കാളകളെ ഇങ്ങനെ ചെയ്യും എന്നു പറയിച്ചു. അപ്പോൾ യഹോവയുടെ ഭീതി ജനത്തിന്മേൽ വീണു, അവർ ഏകമനസ്സോടെ പുറപ്പെട്ടു. 8അവൻ ബേസെക്കിൽവെച്ചു അവരെ എണ്ണി; യിസ്രായേല്യർ മൂന്നു ലക്ഷവും യെഹൂദ്യർ മുപ്പതിനായിരവും ഉണ്ടായിരുന്നു. 9വന്ന ദൂതന്മാരോടു അവർ: നിങ്ങൾ ഗിലെയാദിലെ യാബേശ്യരോടു: നാളെ വെയിൽ മൂക്കുമ്പോഴേക്കു നിങ്ങൾക്കു രക്ഷ ഉണ്ടാകും എന്നു പറവിൻ എന്നു പറഞ്ഞു. ദൂതന്മാർ ചെന്നു യാബേശ്യരോടു അറിയിച്ചപ്പോൾ അവർ സന്തോഷിച്ചു. 10പിന്നെ യാബേശ്യർ: നാളെ ഞങ്ങൾ നിങ്ങളുടെ അടുക്കൽ ഇറങ്ങിവരും; നിങ്ങൾക്കു ബോധിച്ചതൊക്കെയും ഞങ്ങളോടു ചെയ്തുകൊൾവിൻ എന്നു പറഞ്ഞയച്ചു. 11പിറ്റെന്നാൾ ശൌൽ ജനത്തെ മൂന്നു കൂട്ടമായി വിഭാഗിച്ചു; അവർ പ്രഭാതയാമത്തിൽ പാളയത്തിന്റെ നടുവിലേക്കു ചെന്നു വെയിൽ മൂക്കുംവരെ അമ്മോന്യരെ സംഹരിച്ചു; ശേഷിച്ചവരോ രണ്ടു പേർ ഒന്നിച്ചിരിക്കാതവണ്ണം ചിതറിപ്പോയി. 12അനന്തരം ജനം ശമൂവേലിനോടു: ശൌൽ ഞങ്ങൾക്കു രാജാവായിരിക്കുമോ എന്നു പറഞ്ഞതു ആർ? അവരെ ഏല്പിച്ചുതരേണം; ഞങ്ങൾ അവരെ കൊന്നുകളയും എന്നു പറഞ്ഞു. 13അതിന്നു ശൌൽ: ഇന്നു ഒരു മനുഷ്യനെയും കൊല്ലരുതു; ഇന്നു യഹോവ യസ്രായേലിന്നു രക്ഷ വരുത്തിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. 14പിന്നെ ശമൂവേൽ ജനത്തോടു: വരുവിൻ; നാം ഗില്ഗാലിൽ ചെന്നു, അവിടെവെച്ചു രാജത്വം പുതുക്കുക എന്നു പറഞ്ഞു. 15അങ്ങനെ ജനമെല്ലാം ഗില്ഗാലിൽ ചെന്നു; അവർ ശൌലിനെ ഗില്ഗാലിൽ യഹോവയുടെ സന്നിധിയിൽവെച്ചു രാജാവാക്കി. അവർ അവിടെ യഹോവയുടെ സന്നിധിയിൽ സമാധാനയാഗങ്ങൾ കഴിച്ചു; ശൌലും യിസ്രായേല്യരൊക്കെയും ഏറ്റവും സന്തോഷിച്ചു.

വാക്യനമ്പറുകൾ തിരഞ്ഞെടുത്ത പരിഭാഷയെ പിന്തുടരുന്നു; ചില അധ്യായങ്ങളിൽ ഒരു വാക്യത്തിന്റെ വ്യത്യാസം ഉണ്ടാകാം.

വായനാസൗകര്യം

നിങ്ങളെ സഹായിക്കുന്നത് തിരഞ്ഞെടുക്കുക. നിങ്ങളുടെ തിരഞ്ഞെടുപ്പ് ഈ ഉപകരണത്തിൽ സൂക്ഷിക്കപ്പെടും.

അക്ഷരവലുപ്പം

നിങ്ങളുടെ ഉപകരണത്തിന്റെ സ്വന്തം ക്രമീകരണങ്ങളാണോ ഇഷ്ടം (സൂം, സ്ക്രീൻ റീഡർ, ഡാർക്ക് മോഡ്)? അവയും ഇവിടെ പ്രവർത്തിക്കും.